പൊലീസുകാരെ വധിക്കാൻ ശ്രമിച്ച കേസ് പിൻവലിക്കാനുള്ള ഹർജി കോടതി തള്ളി
തളിപ്പറമ്പ് (കണ്ണൂർ): എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ വധിക്കാൻ ശ്രമിച്ചതിനും പൊലീസ് വാഹനം തകർത്തതിനുമുള്ള കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ നൽകിയ ഹർജി തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി തള്ളി .പ്രതികളായ 13 സിപിഎം പ്രവർത്തകരും വിചാരണ നേരിടണമെന്ന് ജഡ്ജി കെ.എൻ.പ്രശാന്ത് ഉത്തരവിട്ടു.
പ്രതികൾ മറ്റ് നിരവധി കേസുകളിലും പ്രതികളാണെന്ന് വിലയിരുത്തിയ കോടതി എന്തു പൊതുതാൽപര്യമാണ് കേസ് പിൻവലിക്കുന്നതിനു പിറകിലുള്ളതെന്നും ചോദിച്ചു. നിയമസഭയിൽ അതിക്രമം കാട്ടിയ കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ നീക്കം ഹൈക്കോടതിയും സുപ്രീംകോടതിയും തടഞ്ഞ കാര്യവും എടുത്തുകാട്ടി.
2015 സെപ്തംബർ 17ന് പയ്യന്നൂർ രാമന്തളി സെന്ററിന് സമീപം സി.പി.എം -എസ്.ഡി.പി.ഐ സംഘർഷ സ്ഥലത്ത് എത്തി മടങ്ങുകയായിരുന്ന പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.പി.ഷൈന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കപ്പെട്ടതാണ് കേസ്.രാത്രി 8.05 ഓടെ 25 ഓളം സി.പി.എം പ്രവർത്തകർ പോലീസുകാർ സഞ്ചരിച്ച ടാറ്റ സുമോ വാഹനം തടഞ്ഞുവെന്നും എസ്.ഐ ഷൈൻ, സീനിയർ സി.പി.ഒ എം.ബി.പ്രമോദ്, സി.പി.ഒ ടി.വി.സുനിൽകുമാർ എന്നിവരെ ആക്രമിച്ചുവെന്നുമാണ് എഫ്.ഐ.ആർ. വടികളും വാളുകളും ഉപയോഗിച്ച് പൊലീസ് വാഹനം വെട്ടി പൊളിച്ചതായും വാഹനത്തിന് 60,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായും എഫ്.ഐ.ആറിലുണ്ട്. 2016ൽ ഇടതു സർക്കാർ അധികാരമേറ്റതിനു പിന്നാലെ ആഭ്യന്തര സെക്രട്ടറി വഴി ജില്ലാ കളക്ടറാണ് കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയത്.
ഭരണഘടനാദിനത്തിലെ വിധി കേസ് പിൻവലിക്കുന്നത് ഭരണഘടനാ തത്വത്തിന്റെയും സാമൂഹികനീതിയുടെയും ലംഘനമായിരിക്കുമെന്ന് ഭരണഘടനാ ദിനമായ നവംബർ 26ന്റെ പ്രത്യേകത ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി.പൊലീസുകാരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അടക്കമുള്ള പ്രതികൾക്കെതിരെയുള്ള ശിക്ഷാവിധിയിലും കഴിഞ്ഞ ദിവസം ഇതേ കോടതി കടുത്ത നിലപാട് പ്രഖ്യാപിച്ചിരുന്നു.
' അനീതി നീതിക്ക് ഭീഷണി" 'ഒരിടത്തുള്ള അനീതി എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ്' എന്ന മാർട്ടിൻ ലൂഥർ കിഗിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് ജഡ്ജി കെ.എൻ.പ്രശാന്ത് സി.പി.എമ്മിന്റെ നഗരസഭ കൗൺസിൽ സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള പ്രതികൾക്ക് കഴിഞ്ഞ ദിവസം ഇരുപത് വർഷം തടവ് വിധിച്ചത്. രാഷ്ട്രീയമെന്നാൽ സ്‌നേഹമായിരിക്കണമെന്ന് വിധിയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.