ചാത്തന്നൂരിന്റെ പാച്ചിൽ, പിന്നാലെ കരുനാഗപ്പള്ളി
കൊല്ലം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ട് പകലിരവുകൾ നീങ്ങിയപ്പോൾ ചാത്തന്നൂരും കരുനാഗപ്പള്ളിയും തമ്മിലാണ് പോരാട്ടം. 467 പോയിന്റ് നേടി ചാത്തന്നൂർ ഉപജില്ല മുന്നിലാണെങ്കിലും 451 പോയിന്റുകളുമായി കരുനാഗപ്പള്ളി ഉപജില്ലയും പിന്നാലെ പായുകയാണ്. പുനലൂർ 437 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തുണ്ട്. കൊട്ടാരക്കര(435), കൊല്ലം(433), വെളിയം(428), അഞ്ചൽ(426), ചടയമംഗലം(416), ശാസ്താംകോട്ട(406), കുണ്ടറ(396), ചവറ(391), കുളക്കട(380) എന്നീ ക്രമത്തിലാണ് പിന്നിലുള്ളവർ. രാത്രി വൈകിയും മത്സരം തുടരുന്നതിനാൽ പോയിന്റ് നിലകളിൽ മാറ്റമുണ്ടാകാം. ഇനി മൂന്ന് ദിനങ്ങൾകൂടി ശേഷിക്കുന്നുണ്ട്. സ്സൂളുകളിൽ കൂടുതൽ പോയിന്റ് നേടിയത് കരുനാഗപ്പള്ളി അയണിവേളിക്കുളങ്ങര ജെ.എഫ്.കെ.എം.വി എച്ച്.എസ്.എസാണ്. 143 പോയിന്റുകളാണ് ഇവർ വാരിക്കൂട്ടിയത്. ശാസ്താംകോട്ട പതാരം എസ്.എം.എച്ച്.എസ് 131 പോയിന്റുകളും കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ 121 പോയിന്റുകളും അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ് 120 പോയിന്റുകളും നേടി പിന്നാലെയുണ്ട്.