അപ്പീലുമായെത്തി ഒന്നാം സ്ഥാനവുമായി മടക്കം

Thursday 27 November 2025 12:27 AM IST

അഞ്ചൽ: അപ്പീലുമായി ഉപജില്ലയിൽ നിന്നെത്തിയ ബി.സാവൻ സുഗുണൻ യു.പി വിഭാഗം ചിത്രരചന പെൻസിൽ മത്സരത്തിൽ ഒന്നാംസ്ഥാനം ഉറപ്പിച്ചാണ് മടങ്ങുന്നത്. പട്ടത്താനം ഗവ.എസ്.എൻ.ഡി.പി യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ജലച്ചായത്തിലും ഒന്നാംസ്ഥാനം സ്വന്തമാക്കി. കൊല്ലം ഉപജില്ലയിൽ ഡിജിറ്റൽ പെയിന്റിംഗിനും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം മുതൽ ചിത്രരചന ശാസ്ത്രീയമായി അഭ്യസിക്കാൻ തുടങ്ങി. സംസ്ഥാന വനം വകുപ്പ് വന്യജീവി വരാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ സംസ്ഥാന തല ചിത്രരചന മത്സരത്തിൽ രണ്ട് തവണ പെൻസിൽ ഡ്രോയിംഗിൽ ഒന്നാം സ്ഥാനവും ശിശുക്ഷേമ സമിതി നടത്തിയ കാർട്ടൂൺ മത്സരത്തിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു. ചെറുപ്പം മുതൽ കാർട്ടൂൺ രചനയോടും താത്പര്യമായിരുന്നു. 2025 ലെ ഡോ. അബ്ദുൾ കലാം ബാല പ്രതിഭ പുരസ്കാര ജേതാവാണ്. കൂടാതെ വിവിധ സർക്കാർ വകുപ്പുകൾ നടത്തിയ ചിത്രരചന മത്സരങ്ങൾ ഉൾപ്പടെ നൂറിൽപരം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ശില അനിൽകുമാറാണ് ആദ്യ ഗുരു. രശ്മിയുടെ ശിഷണത്തിലാണ് ഇപ്പോൾ ചിത്രരചനാ പഠനം. പട്ടത്താനം ലതി വിഹാറിൽ സുഗുണൻ-ബിന്ദു ദമ്പതികളുടെ മകനാണ്. അഞ്ജന സുഗുണനാണ് സഹോദരി. അഞ്ജനയും ചിത്രരചനയിൽ നാഷണൽ ലെവൽ വിന്നറാണ്.