കൽപ്പറ്റയിലെ പത്രിക തള്ളൽ, വരണാധികാരിയെ വിമർശിച്ച് ഹൈക്കോടതി

Thursday 27 November 2025 12:27 AM IST

കൊച്ചി: കൽപ്പറ്റ നഗരസഭയിലെ യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി ടി.ജി. രവീന്ദ്രന്റെ പത്രിക തള്ളിയ വരണാധികാരിയുടെ നടപടി പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയുടെ വിമർശനം. ഭരണഘടനാപരമായ തടസമുള്ളതുകൊണ്ട് ഈ ഘട്ടത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഹർജി തീ‌ർപ്പാക്കി.

കോടതിയുടെ സ്റ്റേ ഉത്തരവുണ്ടായിരുന്ന വിഷയത്തിൽ ഹർജിക്കാരന്റെ പേരിൽ ബാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. പഞ്ചായത്തീരാജ് നിയമപ്രകാരം, വിശദീകരണം നൽകാനുള്ള സമയംപോലും നൽകാതെയാണ് വരണാധികാരി രവീന്ദ്രന്റെ പത്രിക തള്ളിയതെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, വരണാധികാരിയായ സഹകരണ ജോയിന്റ് രജിസ്ട്രാർ അബ്ദുൾ റഷീദിന് നോട്ടീസയയ്ക്കാനും ഉത്തരവായി. ഹർജിക്കാരനായി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം, അഡ്വ. ശില്പ ശ്രീകുമാർ, അഡ്വ. അക്ഷര രാജു എന്നിവർ ഹാജരായി.