അങ്കത്തട്ടായി: കണക്കുകൂട്ടി കോഴിക്കോട്ടെ ജനമനസ്

Thursday 27 November 2025 12:30 AM IST

കോഴിക്കോട്: ഇടതു കുത്തകയാക്കിയ കോഴിക്കോട്ട് രാഷ്ട്രീയ അങ്കം മുറുക്കി യു.ഡി.എഫും എൻ.ഡി.എയും. കഴിഞ്ഞതല്ലാം പഴങ്കഥയാണെന്ന് യു.ഡി.എഫും എൻ.ഡി.എയും അവകാശപ്പെടുമ്പോൾ ജനം കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ്.

6,324 സ്ഥാനാർത്ഥികളാണ് കോഴിക്കോട്ട് മത്സരിക്കുന്നത്. 3,000 പുരുഷൻമാരും 3,324 സ്ത്രീകളും. കോർപ്പറേഷനിലെ 76 ഡിവിഷനുകളുണ്ട്. 57 സീറ്റിലാണ് സി.പി.എം മത്സരിക്കുന്നത്. സി.പി.ഐ-5, ആർ.ജെ.ഡി- 5, എൻ.സി.പി- 3, ജനതാദൾ എസ്-2, ഐ.എൻ.എൽ, കേരള കോൺഗ്രസ്, നാഷണൽ ലീഗ്, കോൺഗ്രസ് എസ് എന്നിവർക്ക് ഒന്നു വീതം സീറ്റ്. ഇങ്ങനെയാണ് കോർപ്പറേഷനിലെ എൽ.ഡി.എഫിന്റെ മത്സര ചിത്രം.

മീഞ്ചന്തയിൽ മത്സരിക്കുന്ന ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദാണ് എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി.

യു.ഡി.എഫിൽ കോൺഗ്രസ് 49 സീറ്റുകളിലും മുസ്ലിം ലീഗ് 25 സീറ്റിലും സി.എം.പി രണ്ട് സീറ്റുകളിലും മത്സരിക്കുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് പാറോപ്പടിയിലാണ് ജനവിധി തേടുന്നുണ്ട്. മേയർ സ്ഥാനാർത്ഥിയായിരുന്ന സംവിധായകൻ വി.എം. വിനു വോട്ടർപട്ടികയിൽ ഇടം പിടിക്കാത്തത് യു.ഡി.എഫിന് തിരിച്ചടിയായി. തുടർന്ന് കല്ലായിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനെ സ്ഥാനാർത്ഥിയാക്കി ക്ഷീണം തീർത്തു. എൻ.ഡി.എയിൽ ബി.ജെ.പി 74 സീറ്റിലും, നാഷണൽ പീപ്പിൾസ് പാർട്ടി, ബി.ഡി.ജെ.എസ് എന്നിവർ ഓരോ സീറ്റിലും മത്സരിക്കുന്നു.

 ജില്ലാ പഞ്ചായത്തിൽ മത്സരം തീപാറും

28 ഡിവിഷനുള്ള ജില്ലാ പഞ്ചായത്തിൽ 16 സീറ്റിൽ സി.പി.എം മത്സരിക്കും. സി.പി.ഐയും ആർ.ജെ.ഡിയും നാലു സീറ്റിലും എൻ.സി.പി, കേരള കോൺഗ്രസ് (എം), ജനതാദൾ എസ്, ഐ.എൻ.എൽ എന്നിവർ ഓരോ സീറ്റിലും മത്സരിക്കും. കോൺഗ്രസ് 14 സീറ്റിൽ മത്സരിക്കും. മുസ്ലിംലീഗ് 11 ഇടത്തും.സി.എം.പി, കേരള കോൺഗ്രസ്, ആർ.എം.പി എന്നിവർ ഓരോ സീറ്റിലും മത്സരിക്കും. എൻ.ഡി.എയിൽ 27 സീറ്റിൽ ബി.ജെ.പിയും ഒരു സീറ്റിൽ ബി.ഡി.ജെ.എസും ജനവിധി തേടും.