20 വർഷം തടവ് ലഭിച്ച സ്ഥാനാത്ഥി തുടരും : വി.കെ.നിഷാദിനായി വോട്ട് തേടി സി.പി.എം

Thursday 27 November 2025 12:37 AM IST

കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ച വി.കെ.നിഷാദ് സ്ഥാനാർത്ഥിയായി തുടരും. വിധിക്കെതിരെ മേൽക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി തീരുമാനത്തിന് കാത്തിരിക്കുന്നതിനിടയിലും നിഷാദിനായി സി.പി. എം പ്രചാരണം തുടരുകയാണ്.

പയ്യന്നൂർ നഗരസഭയിലെ മത്സരിക്കുന്ന ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് നിഷാദിനെ കോടതി 20 വർഷം തടവിനാണ് ശിക്ഷിച്ചത്. പയ്യന്നൂർ നഗരസഭയിൽ 46ാം വാർഡിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി.കെ നിഷാദ് മത്സരത്തിൽ വിജയിച്ചാൽ ജനപ്രതിനിധിയായി തുടരുന്നതിന് ശിക്ഷാവിധി തടസമാകും. ശിക്ഷവിധി വി.കെ.നിഷാദ് മത്സരിക്കുന്നതിനെ ബാധിക്കില്ലെന്നും സ്ഥാനാർത്ഥിക്കായി പ്രചാരണം തുടരാനുമാണ് സി.പി.എം തീരുമാനം. വാർഡിൽ സി.പി.എം. നേതാവ് ഡമ്മി സ്ഥാനാർത്ഥിയായി ഉണ്ടെങ്കിലും വി.കെ. നിഷാദിനെ മുൻ നിർത്തി പ്രചാരണം നടത്താനാണ് സി.പി.എം. പയ്യന്നൂർ ഏരിയാ കമ്മറ്റിയുടെ തീരുമാനം.