ചുവരെഴുത്തിൽ ഐ.പി.എസ്, റിട്ടയേർഡ് ചേർത്താവണം
Thursday 27 November 2025 12:36 AM IST
തിരുവനന്തപുരം: മുൻ ഡി.ജി.പിയും തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് ബി.ജെ.പി സ്ഥാനാർത്ഥിയുമായ ആർ. ശ്രീലേഖയുടെ പ്രചാരണ നോട്ടീസുകളിലും ചുവരെഴുത്തിലും ഐ.പി.എസ് എന്നു മാത്രം ഉപയോഗിക്കരുതെന്നും റിട്ടയേർഡ് എന്നുകൂടി ചേർക്കണമെന്നും നിർദ്ദേശം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം തദ്ദേശ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് നിരീക്ഷണസമിതിയാണ് നിർദ്ദേശം നൽകിയത്. ഇത് അനുസരിച്ച് ചുവരെഴുത്തുകളിൽ ഐ.പി.എസിന് മുമ്പ് റിട്ടയേർഡ് എന്നു കൂടി ചേർക്കാമെന്ന് ബി.ജെ.പി ഉറപ്പ് നൽകി. തിരുത്തൽ തുടങ്ങിയെന്ന് പാർട്ടി ജില്ല പ്രസിഡന്റ് കരമന ജയന്റെ ഓഫീസിൽനിന്ന് അറിയിച്ചു. ശാസ്തമംഗലം വാർഡിലെ ആംആദ്മി പാർട്ടി സ്ഥാനാർത്ഥി രശ്മിയാണ് വരണാധികാരിക്ക് പരാതി നൽകിയത്. ഇത് നിരീക്ഷണ സമിതിക്ക് കൈമാറുകയായിരുന്നു.