ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച് 3 പൊലീസുകാർക്ക് പരിക്ക്
Thursday 27 November 2025 1:47 AM IST
കൊല്ലം: പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച് മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ചവറ പൊലീസ് സ്റ്റേഷനിലെ വനിതാ സി.പി.ഒമാരായ കീർത്തന, ആര്യ, തെക്കുംഭാഗം സ്റ്റേഷനിലെ എ.എസ്.ഐ ഹരികുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ചവറ കോവിൽത്തോട്ടത്തെ ഐ.ആർ.ഇ ഗ്രൗണ്ടിൽ ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം.
ഗണ്ണിൽ ടിയർ ഗ്യാസ് ഷെൽ നിറച്ച് പരിശീലിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. ഹരികുമാറിന്റെ കൈയ്ക്കാണ് പരിക്ക്. ഗണ്ണിന്റെയും ഷെല്ലിന്റെയും ഭാഗങ്ങൾ പതിച്ചാണ് ആര്യയ്ക്കും കീർത്തനയ്ക്കും പരിക്കേറ്റത്. മൂവരും കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് പരിശീലനം നിറുത്തിവച്ചു. സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു.