കൊച്ചിയിൽ നിന്ന് വിട്ടയച്ച ബണ്ടിചോർ തലസ്ഥാനത്ത് അറസ്റ്റു ചെയ്തു, കോടതി ജാമ്യത്തിൽ വിട്ടു
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെ തിരുവനന്തപുരത്തെത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ അറസ്റ്റു ചെയ്തെങ്കിലും കോടതി ജാമ്യത്തിൽ വിട്ടു. തിങ്കളാഴ്ച വൈകിട്ട് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. പരസ്പരവിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് മാനസികനില പരിശോധിച്ച ശേഷമാണ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
നിലവിൽ ഇയാൾക്കെതിരെ കേസുകളില്ലാത്തതിനാലും പരിശോധനയിൽ മാനസിക നിലയിൽ കുഴപ്പമൊന്നും കണ്ടെത്താത്തതും പരിഗണിച്ചാണ് ജാമ്യത്തിൽ വിട്ടത്. പേരൂർക്കട സ്റ്റേഷനിൽ നിന്ന് 76,000 രൂപയും കുറച്ചു സാധനങ്ങളും കിട്ടാനുണ്ടെന്നും അഭിഭാഷകനെ കാണാൻ എത്തിയതാണെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
പേരൂർക്കട സ്റ്റേഷനിൽ പോയെങ്കിലും രേഖകൾ ഇല്ലാത്തതിനാൽ പറഞ്ഞുവിട്ടെന്നും മൊഴി നൽകി. അഭിഭാഷകനെ കണ്ടശേഷം റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു എന്നും അറിയിച്ചു.കൂടുതൽ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. തുടർന്നാണ് മാനസികനില പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ജാമ്യം കിട്ടിയ ഇയാൾ നഗരത്തിൽ തുടരുന്നുണ്ടെന്നാണ് വിവരം.
അഡ്വ. ആളൂർ അന്തരിച്ചത് അറിയാതെ അദ്ദേഹത്തെ കാണാൻ കഴിഞ്ഞ ദിവസമാണ് ബണ്ടി ചോർ കൊച്ചിയിലെത്തിയത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തിരുന്നു. നിലവിൽ കേസുകളൊന്നുമില്ലെന്ന് വ്യക്തമായതോടെയാണ് വിട്ടയച്ചത്.