അനീഷ് ബാബുവിന് മുൻകൂർ ജാമ്യമില്ല
Thursday 27 November 2025 1:05 AM IST
കൊച്ചി: കശുഅണ്ടി ഇറക്കുമതിയിലൂടെ 25 കോടി തട്ടിപ്പ് നടത്തിയെന്നാരോപിച്ച ഇ.ഡി കേസിൽ കൊല്ലത്തെ അനീഷ് ബാബുവിന് മുൻകൂർജാമ്യം നിരസിച്ച് ഹൈക്കോടതി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടതാണെന്ന് വിലയിരുത്തിയാണ് മുൻകൂർ ജാമ്യഹർജി തള്ളിയത്. ടാൻസാനിയയിൽനിന്ന് കശുഅണ്ടി ഇറക്കുമതി ചെയ്യാമെന്നു വിശ്വസിപ്പിച്ച് ആളുകളിൽ നിന്ന് 25കോടി വാങ്ങിയശേഷം വഞ്ചിച്ചെന്നാണ് അനീഷിനെതിരെയുള്ള കേസ്. പ്രതി അന്വേഷണവുമായി സഹകരിക്കാത്തതിനാൽ പണം എന്തു ചെയ്തെന്നടക്കം കണ്ടെത്താനായിട്ടില്ലെന്ന് ഇ.ഡി കോടതിയിൽ ബോധിപ്പിച്ചു. പ്രതി രാജ്യംവിടാൻ സാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് ജാമ്യഹർജി തള്ളിയത്. അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്ന് ഇ.ഡി അറിയിച്ചു.