ലേബർ കോഡുകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം
ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടപ്പാക്കിയ നാല് തൊഴിൽ കോഡുകൾ പിൻവലിക്കണമെന്നും കർഷക സമരം അവസാനിപ്പിക്കാനായി ഉറപ്പുനൽകിയ വാഗ്‌ദാനങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും രാജ്യവ്യാപകമായി പ്രതിഷേധിച്ചു. 2022 നവംബർ 26ന് ഡൽഹി അതിർത്തിയിൽ തുടങ്ങിയ കർഷക പ്രതിഷേധത്തിന്റെ അഞ്ചാം വാർഷിക ദിനമായിരുന്നു ഇന്നലെ.
അസംഘടിത മേഖലയിലെ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, കർഷകർ, സാധാരണക്കാർ തുടങ്ങിയവരെ ഉൾപ്പെടുത്തി 500ലധികം ജില്ലാ ആസ്ഥാനങ്ങളിലും ഫാക്‌ടറികളിലും തൊഴിൽ സ്ഥാപനങ്ങളിലും ജീവനക്കാർ കറുത്ത മാസ്‌ക് അണിഞ്ഞ് പ്രതിഷേധിച്ചു. പൊതുമേഖലാ സംരംഭങ്ങൾ, വ്യാവസായിക മേഖലകൾ, ഗ്രാമീണ, ബ്ലോക്ക്-സബ്-ഡിവിഷൻ തലങ്ങളിലും പ്രതിഷേധം നടന്നു.
ഡൽഹി ജന്ദർ മന്ദറിൽ സംയുക്ത ട്രേഡ് യൂണിയനും സംയുക്ത കിസാൻ മോർച്ചയും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഐ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത് കൗർ, കിസാൻ സഭാ നേതാക്കളായ അശോക് ധാവ്‌ളെ, ഹനൻ മൊള്ള, പി. കൃഷ്‌ണപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
പത്ത് വർഷമായി ഇന്ത്യൻ ലേബർ കോൺഗ്രസ് വിളിക്കാത്ത കേന്ദ്രസർക്കാർ അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ ലംഘിച്ച് തൊഴിാളി വിരുദ്ധ തീരുമാനങ്ങൾ നടപ്പാക്കുകയാണെന്ന് അമർജിത് കൗർ പറഞ്ഞു.
കേന്ദ്രസർക്കാർ ഉറപ്പുനൽകിയ നിയമപരമായ താങ്ങുവില അടക്കം ആവശ്യങ്ങൾ ഉയർത്തി ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. നാല് ലേബർ കോഡുകൾ റദ്ദാക്കുക, കരാർ തൊഴിൽ, ഔട്ട്സോഴ്സിംഗ് എന്നിവ ഒഴിവാക്കുക, ശ്രം ശക്തി നീതി കരട് തൊഴിൽ നയം പിൻവലിക്കുക,26,000 രൂപ ദേശീയ മിനിമം വേതനം, 10,000 രൂപ മിനിമം പെൻഷൻ നടപ്പാക്കുക. കർഷകരുടെ വായ്പ എഴുതിത്തള്ളുക, വായ്പാ സൗകര്യങ്ങൾ ഉറപ്പാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം ഒഴിവാക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തിലുള്ളത്.