ആശുപത്രി നയം: ചീഫ് സെക്രട്ടറിയും ഡി.ജി.പിയും വിജ്ഞാപനമിറക്കണം

Thursday 27 November 2025 1:20 AM IST

കൊച്ചി: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുന്നതിനായി ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇവർ ഉചിതമായ വിജ്ഞാപനമിറക്കണം. പ്രസക്തഭാഗങ്ങൾ ഒരുമാസത്തിനകം മലയാളം, ഇംഗ്ലീഷ് പത്ര, ദൃശ്യമാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തണം. നടപടികളുടെ റിപ്പോർട്ട് ഒരുമാസത്തിനകം കോടതിയിൽ സമർപ്പിക്കണമെന്നും ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. കോടതി ഉത്തരവ് പാലിക്കുമെന്ന് ഉറപ്പ് ആശുപത്രി അധികൃതർ ജില്ലാ അതോറിറ്റിയെ 30 ദിവസത്തിനകം രേഖാമൂലം അറിയിക്കുകയും വേണം.

ഫീസ് പ്രദർശിപ്പിക്കൽ, ജീവനക്കാരുടെ വിവരം കൈമാറൽ, അടിയന്തര ചികിത്സ ഉറപ്പാക്കൽ എന്നിവ സംബന്ധിച്ച് സ‌ക്കാർ പുറപ്പെടുവിച്ച ഉത്തവിലെ 16, 39, 47 വ്യവസ്ഥകളെയാണ് സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട ഹർജിക്കാർ എതിർത്തത്. ചികിത്സയ്ക്കുവരുന്ന നിരക്ക് മുൻകൂട്ടി നിർണയിക്കാനാകില്ലെന്നും രോഗത്തിന്റെ സ്വഭാവമനുസരിച്ച് മാറ്റംവരുമെന്നുമായിരുന്നു ഹർജിക്കാരുടെ പ്രധാനവാദം. ജീവനക്കാരുടെ വിവരങ്ങൾ കൈമാറുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. ഈ വാദങ്ങളെല്ലാം കോടതി തള്ളി.

നിയമം നിലവിൽവന്ന് എട്ടുവർഷത്തോളമായിട്ടും നടപ്പാക്കാത്ത ആശുപത്രി അധികൃതരുടെ നിലപാടിനെ കോടതി വിമർശിച്ചു. പൗരന്മാർക്ക് ഗുണകരമായ സർക്കാർ തീരുമാനത്തിനെതിരെ നിയമനടപടിയിലേക്ക് നീങ്ങിയതിന് വലിയപിഴ ഈടാക്കേണ്ടതാണ്,​ അതിന് മുതിരുന്നില്ലെന്നും കോടതി പറഞ്ഞു.