ലേബർ കോഡ്: സ്ത്രീകൾക്ക് തുല്യ വേതനവും സുരക്ഷയും

Thursday 27 November 2025 1:22 AM IST

തുരുവനന്തപുരം: കേന്ദ്രം വിജ്ഞാപനം ചെയ്ത നാല് പുതിയ ലേബർ കോഡുകളിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ടെങ്കിലും വനിതാ തൊഴിലാളികൾക്ക് ഗുണകരമെന്ന് സൂചന. മെച്ചപ്പെട്ട വേതനവും സാമൂഹിക സുരക്ഷയും ലിംഗ സമത്വവും വ്യവസ്ഥ ചെയ്യുന്നു. 29 തൊഴിൽ നിയമങ്ങളെ ഏകീകരിച്ചാണ് വേതന കോഡ്, വ്യവസായ ബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴിലിട സുരക്ഷാ കോഡ് എന്നിവ നടപ്പാക്കുന്നത്.

ഭർത്താവിന്റെ മാതാപിതാക്കളെ ആശ്രിതരായി ഉൾപ്പെടുത്താനും വ്യവസ്ഥ ചെയ്യുന്നു.

പ്രയോജനങ്ങൾ

 വേതന കോഡ് പ്രകാരം ഒരേ ജോലി ചെയ്യുന്നതിനോ, സമാന സ്വഭാവമുള്ള ജോലികൾ ചെയ്യുന്നതിനോ സ്ത്രീക്കും പുരുഷനും തുല്യ വേതനം നൽകണം.

 സാമൂഹിക സുരക്ഷാ കോഡ് പ്രകാരം അസംഘടിത മേഖല, കരാർ തൊഴിലാളികൾ, ഗിഗ് പ്ലാറ്റ്‌ഫോം തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള വനിതകൾക്ക് പ്രസവാവധിയും മറ്റു സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു. 26 ആഴ്ചയുടെ പ്രസവാവധിക്കൊപ്പം ക്രഷ് സൗകര്യം, വർക്ക് ഫ്രം ഹോം സൗകര്യവും ഉറപ്പു നൽകുന്നു. പി.എഫ്., ഇ.എസ്.ഐ.സി. , ഇൻഷ്വറൻസ്, പെൻഷൻ എന്നിവയുടെ പരിധിയിലേക്ക് കൂടുതൽ പേർ വരും.

 തൊഴിലിട സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യം എന്നിവ സംബന്ധിച്ച കോഡ് പ്രകാരം സ്ത്രീകൾ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണം. അപകടകരമായ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് 100 ശതമാനം ആരോഗ്യ സുരക്ഷ വ്യവസ്ഥ ചെയ്യുന്നു. ഒരു വർഷത്തെ ജോലിക്കുശേഷം നിശ്ചിത കാലയളവിലേക്ക് മാത്രം ജോലി ചെയ്യുന്ന ജീവനക്കാർക്കും ഗ്രാറ്റുവിറ്റി നിർബന്ധമായും ലഭിക്കും.

``നിലവിൽ സ്ത്രീകൾക്ക് ലഭിക്ക് ലഭിക്കുന്നതിൽ കൂടുതൽ സാമൂഹ്യ സുരക്ഷാ, വേതന ആനുകൂല്യങ്ങൾ ഒന്നും തന്നെ ലേബർ കോഡിൽ പ്രതിപാദിക്കുന്നതില്ല. ജോലിഭാരം മൂലം ആത്മഹത്യ ചെയ്ത അന്ന തോമസിന്റെ അനുഭവമാണ് സ്ത്രീകൾക്കുണ്ടാകുക. ഭാരിച്ച ജോലി ഭാരവും സമയാധിഷ്ടിതമല്ലാത്ത ജോലിയുമാണ് വനിതകളെ കാത്തിരിക്കുന്നത്.``

അഡ്വ. തമ്പാൻ തോമസ്

ദേശീയ സെക്രട്ടറി

എച്ച്.എം.എസ്

``സ്ത്രീകളെ സംബന്ധിച്ച് ലേബർ കോഡ് നേട്ടമാകും. തുല്യ വേതനം ലഭ്യമാകും. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ ചെയ്യാം. സ്ഥാപനങ്ങൾ സുരക്ഷ ഉറപ്പാക്കണം. കരടിൽ ആക്ഷേപമുള്ള വിഷയങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്.``

ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ

ദേശീയ നിർവാഹക സമിതി അംഗം

ബി.എം.എസ്