അതേ അഹമ്മദാബാദ്
ഗ്ലാസ്ഗോ: ഗുജറാത്തിലെ അഹമ്മദാബാദിനെ 2030 ലെ കോമണവെൽത്ത് ഗെയിംസിന്റെ വേദിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് സ്പോർട്സ് ജനറൽ അസംബ്ലിയിലാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ, സി.ഇ.ഒ രഘുറാം രാജൻ, കേന്ദ്ര കായിക വകുപ്പ് ജോയിന്റ് സെക്രട്ടറി കെ.കുണാൽ, ഗുജറാത്ത് കായിക മന്ത്രി ഹർഷ് സാംഗ്വി എന്നിവരെല്ലാം ഇന്ത്യയെ പ്രതിനിധീകരിച്ച് അസംബ്ലിയിൽ പങ്കെടുത്തു.
2030ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദിയായ അഹമ്മദാബാദിനെ കോമൺവെൽത്ത് സ്പോർട്സ് എക്സിക്യൂട്ടിവ് നേരത്തേ നിർദ്ദേശിച്ചിരുന്നു. ഈ തീരുമാനം 74 കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ സ്പോർട്സ് ജനറൽ അസംബ്ലിയിൽ അംഗീരിക്കുകയായിരുന്നു. അബുജ നഗരത്തെ മുൻനിറുത്തി 2030ലെ വേദിക്കായി രംഗത്തുണ്ടായിരുന്ന നൈജീരിയയെ പിന്തള്ളിയാണ് അഹമ്മദാബാദിന് അവസരം ലഭിച്ചത്.
2026ലെ കോമൺവെൽത്ത് ഗെയിംസ ് ഗ്ലാസ്ഗോയിലാണ് നടക്കുന്നത്.
സെഞ്ച്വറി വർഷത്തിൽ
കോമൺ വെൽത്ത് ഗെയിംസ് ആരംഭിച്ചതിന്റെ നൂറാം വാർഷികത്തിലാണ് അഹമ്മദാബാദ് വേദിയായി ഒരുങ്ങുന്നത്. 1930ൽ കാനഡയിലെ ഹാമിൽട്ടണിലാണ് ആദ്യമായി കോമൺവെൽത്ത് ഗെയിംസ് ആരംഭിച്ചത്. നേരത്തേ 2010ൽ ഡൽഹി വേദിയായ കോമൺവെൽത്ത് ഗെയിംസിനും ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു. 2036ലെ ഒളിമ്പിക്സ് വേദിക്കായി സജീവമായി രംഗത്തുള്ള ഇന്ത്യയുടെ അവകാശവാദത്തിന് ബലമേകുന്നതായി കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയത്വം.