'ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്തബന്ധം'; തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്ക്, വിനയായത് പത്മകുമാറിന്റെ നിർണായക മൊഴി

Thursday 27 November 2025 7:26 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് തിരിച്ചടിയായി അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴി. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞത്. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണെന്നാണ് മൊഴി.

അതേസമയം, ശബരിമലയിൽ സ്പോൺസറാകാൻ ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയിട്ടില്ല. ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂവെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു. കട്ടിളപ്പാളികൾ കൊണ്ടുപോകുന്നതിനു മുൻപ് മുൻ ഭരണസമിതിയുടെ കാലത്തും ക്ലാഡിംഗ് വർക്കുകൾ പുറത്ത് കൊണ്ട് പോയി നടത്തിയിട്ടുണ്ടെന്നും പത്മകുമാർ വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ഇന്ന് വൈകിട്ട് കൊല്ലം കോടതിയിൽ ഹാജരാക്കും.

അതിനിടെ, ബോർഡ് നേതൃത്വവും ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോവാൻ അനുമതി നൽകിയതെന്ന് തന്ത്രിമാർ മൊഴി നൽകി. കണ്ഠരര് രാജീവരരുടെയും കണ്ഠരര് മോഹനരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. തന്ത്രിയുടെ ചുമതല ദൈവഹിതം നോക്കി താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങൾ ചെയ്യുകയാണ്. സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടപ്പോഴാണ് അനുമതി നൽകിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നും 2008മുതൽ പോറ്റി ശബരിമലയിൽ കീഴ്‌ശാന്തിയായുണ്ടെന്നുമാണ് തന്ത്രിമാർ മൊഴി നൽകിയത്.