കടകംപള്ളിക്ക് കുരുക്ക് മുറുക്കി പത്മകുമാറിന്റെ പുതിയ മൊഴി; നടന്നത് സ്വർണക്കൊള്ളയല്ല, പുനരുദ്ധാരണം

Thursday 27 November 2025 9:36 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കൂടുതൽ കുരുക്കായി മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴി. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കടകംപള്ളി സുരേന്ദ്രനുമായി നേരത്തേ പരിചയമുണ്ടായിരുന്നതായി പോറ്റി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യംചെയ്യലിൽ പത്മകുമാർ മൊഴികൊടുത്തതായാണ് റിപ്പോർട്ട്. താൻ പരിചയപ്പെടുംമുമ്പുതന്നെ ഉണ്ണികൃഷ്ണപാേറ്റി ശബരിമലയിലുള്ള വ്യക്തിയാണെന്നും പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴികൊടുത്തിട്ടുണ്ട്. പോറ്റി ശബരിമലയിൽ പ്രവർത്തിച്ചത് തന്ത്രി കുടുംബത്തിന്റെ ആളായിട്ടായിരുന്നു എന്നും ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണെന്നും മൊഴിയുണ്ട്. പുതിയ മൊഴികൂടി ലഭിച്ചതോടെ കടകംപള്ളി സുരേന്ദ്രനെ ഉടൻതന്നെ ചോദ്യംചെയ്തേക്കും എന്നാണ് റിപ്പോർട്ട്.

ശബരിമലയിൽ സ്പോൺസറാകാൻ ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയിട്ടില്ല. ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂവെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു. മുൻ ഭരണസമിതിയുടെ കാലത്തും ക്ലാഡിംഗ് വർക്കുകൾ പുറത്ത് കൊണ്ട് പോയി നടത്തിയിട്ടുണ്ടെന്നും പത്മകുമാർ വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ഇന്ന് വൈകിട്ട് കൊല്ലം കോടതിയിൽ ഹാജരാക്കും.

അതേസമയം, ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് പത്മകുമാർ ഇപ്പോഴും സമ്മതിച്ചിട്ടില്ല. ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നതെന്നും സ്വർണം തട്ടിയെടുക്കാൻ വേണ്ടിയല്ല ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ ഉരുപ്പടികൾ കൊടുത്തുവിട്ടതെന്നുമാണ് പത്മകുമാറിന്റെ നിലപാട്. സ്വർണപ്പാളിയും വാതിലും ഉൾപ്പെടെ കൊണ്ടുപോയത് തന്റെ മാത്രം തീരുമാനമല്ലെന്നും മൊഴിനൽകിയിട്ടുണ്ട്.