എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറ്; വീട്ടിലുണ്ടായിരുന്നത് വൃദ്ധയായ മാതാവും കുഞ്ഞുങ്ങളും മാത്രം

Thursday 27 November 2025 10:41 AM IST

തൃശൂർ: മാപ്രാണത്ത് സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രി 9.30ഓടെ തളിയകോണം ചകിരി കമ്പനിക്ക് സമീപമാണ് സംഭവമുണ്ടായത്. ഇരിങ്ങാലക്കുട നഗരസഭ 41-ാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി പാണപറമ്പിൽ വിമി ബിജേഷിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വിമി പുറത്തേക്ക് പോയിരുന്നു. ഇവരുടെ ഭർത്താവ് ബിജേഷ് വിദേശത്താണ്. വീട്ടിൽ വൃദ്ധയായ മാതാവും രണ്ട് മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. കല്ലേറുണ്ടായതോടെ ഭയന്ന ഇവർ ഉടൻ തന്നെ വിമിയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. ശബ്‌ദം കേട്ടെത്തിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.