വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു

Thursday 27 November 2025 10:50 AM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ കൈലി കിരൺ പൊലീസിനെ വാളുകൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് എസ്എച്ച്ഒ തസ്നിം അബ്ദുസമദ് വെടിവച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് കിരൺ. ഇതോടെ കോടതി ഉത്തരവനുസരിച്ച് ഇയാളെ കാപ്പാ കേസിൽ ഉൾപ്പെടുത്തി നാടുകടത്തിയിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം കിരൺ ആര്യങ്കോട്ടെ വീട്ടിലെത്തുകയായിരുന്നു.

ഇതറിഞ്ഞ എസ്എച്ച്ഒ തസ്നിം അബ്ദുസമദിന്റെ സംഘം കിരണിനെ പിടികൂടാൻ പോയതായിരുന്നു. സംഘർഷത്തിനിടയിൽ വാളുപയോഗിച്ച് വെട്ടാൻ ശ്രമിച്ച കിരണിൽ നിന്ന് രക്ഷപ്പെടാനാണ് എസ്എച്ച്ഒ വെടിയുതിർത്തതെന്നാണ് സംഘം പറയുന്നത്. സംഭവത്തിൽ കിരണിന് പരിക്കേ​റ്റിട്ടില്ലെന്നാണ് നിലവിലെ വിവരം. ഇയാൾ ഓടി രക്ഷപ്പെട്ടു. കിരണിനെ കണ്ടെത്താനുളള ശ്രമം നടന്നുവരികയാണ്.