പ്രവാസികൾക്ക് നല്ലകാലം വരുന്നു; 2026ൽ ശമ്പളം കൂടും ഒപ്പം തൊഴിൽ സുരക്ഷയും

Thursday 27 November 2025 11:24 AM IST

അബുദാബി: യുഎഇയിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം 2026ൽ നാല് ശതമാനത്തോളം വർദ്ധിക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, കമ്പനികൾക്ക് ഒഴിച്ചുകൂടാൻ സാധിക്കാത്ത ജീവനക്കാർക്ക് പത്ത് ശതമാനത്തിലധികം ശമ്പളവർദ്ധനവുണ്ടാകുമെന്നും കൂപ്പർ ഫിച്ചിന്റെ സ്ഥാപകനും സിഇഒയുമായ ഡോ. ട്രെഫോർ മർഫി ഖലീജ് ടൈംസിനോട് പറഞ്ഞു.യുഎഇ സാലറി ഗൈഡ് 2026ന്റെ ഉദ്‌ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

' 2025ൽ ഒരു സർവേ നടത്തിയിരുന്നു. അതിൽ ശരാശരി ശമ്പള വർദ്ധനവ് പൂജ്യം ശതമാനം ആയിരിക്കുമെന്നാണ് കണ്ടെത്തിയത്. എന്നാൽ, കഴിഞ്ഞ വർഷം 2.6 ശതമാനം വർദ്ധനവുണ്ടായിരുന്നു. ഇക്കൊല്ലം നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ 1.6 ശതമാനത്തിനും നാല് ശതമാനത്തിനുമിടയിലാണ് ശമ്പളവർദ്ധനവ് ഉണ്ടാകാൻ പോകുന്നതെന്ന് വിലയിരുത്തി' - മർഫി പറഞ്ഞു.

കൂപ്പർ ഫിച്ച് സർവേയിൽ പ്രതികരിച്ചവരിൽ 84 ശതമാനവും ശമ്പളവർദ്ധനവ് ഉണ്ടാകുമെന്ന് അഭിപ്രായപ്പെട്ടു. ഇത് ജീവനക്കാർക്ക് വരും വർഷത്തെക്കുറിച്ച് ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നതാണ്. 37 ശതമാനം പേർ അവർക്ക് ജോലി സുരക്ഷയുണ്ടെന്നും അഭിപ്രായപ്പെട്ടു. 15 ശതമാനംപേർ പുതിയ ജോലി തിരയുമെന്നാണ് പറഞ്ഞിട്ടുള്ളത്. ടെക്‌നോളജി, ധനകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ആറ് മുതൽ ഒമ്പത് ശതമാനം വരെ അല്ലെങ്കിൽ പത്ത് ശതമാനത്തിൽ കൂടുതൽ ശമ്പളവർദ്ധനവ് ഉണ്ടാകും.

ആഗോള ഓർഗനൈസേഷൻ കൺസൾട്ടിംഗ് സ്ഥാപനമായ കോൺ ഫെറിയുടെ അഭിപ്രായത്തിൽ 2026ൽ യുഎഇയിലെ ജീവനക്കാർക്ക് 4.1 ശതമാനം ശമ്പളവർദ്ധനവുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. നിർമ്മാണം, സാമ്പത്തിക സേവനങ്ങൾ, ലോജിസ്റ്റിക്സ്, നൂതന വ്യവസായങ്ങൾ എന്നിവ കാരണമുണ്ടാകുന്ന സാമ്പത്തിക വളർച്ചയാണ് ഇതിന് കാരണമെന്നും അവർ വ്യക്തമാക്കി.