മാസ്‌കിട്ട് വീണ്ടും ബസുകൾ കയറിയിറങ്ങുന്നു, സൂക്ഷിക്കണമെന്ന് മസ്താനി; മറുപടിയുമായി സവാദ്
ബസിൽ ലൈംഗികാതിക്രമം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ കോഴിക്കോട് സ്വദേശി സവാദിനെതിരെ നടി നന്ദിത ശങ്കര (മസ്താനി) രംഗത്ത്. തൃശൂർ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ കയറുന്ന സവാദിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റ്ഗാം വീഡിയോയിലൂടെയാണ് മസ്താനി രംഗത്തെത്തിയത്. അറിയപ്പെടുന്ന 'ലൈംഗിക വേട്ടക്കാരൻ' പുറത്തിറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ളതാണ് വീഡിയോ.
'പരാജയപ്പെട്ട ഒരു നിയമസംവിധാനം ഇങ്ങനെയായിരിക്കും. അറിയപ്പെടുന്ന ലൈംഗിക വേട്ടക്കാരൻ അല്ലെങ്കിൽ കുറ്റാരോപിതൻ ഇപ്പോൾ ഫ്രീയായി നടക്കുകയാണ്. വീണ്ടും ബസുകളിൽ കയറിയിട്ടുണ്ട്. ബസു കയറി കഷ്ടപ്പെട്ട് ജോലിക്ക് പോകാൻ ശ്രമിക്കുന്ന പാവം യുവാവിനെ ഞാൻ ഹണിട്രാപ്പ് ചെയ്യുകയാണോ? അല്ല, ഞാൻ ആ സംഭവത്തിന് ശേഷം ബസിൽ കയറിയിട്ടില്ല. ട്രോമയാണ് എനിക്ക്. വയ്യ.
ഇതേ കാര്യത്തിന് രണ്ട് പെൺപിള്ളേർ പരാതിപറഞ്ഞയാൾ. സവാദ് എന്ന പേര് എന്തിനാണ് ഇപ്പോൾ ആൺപിള്ളേർ ഉപയോഗിക്കുന്നതെന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. അവനില്ലേ ട്രോമ? അവനിതൊന്നും ബാധകമല്ലേ? അന്തസായിട്ട് വീണ്ടും ബസുകൾ കയറിയിങ്ങനെ നടക്കുന്നു. തൃശൂർ ബസ് സ്റ്റാൻഡിൽവച്ചാണ് കാണുന്നതെന്ന് കുറേപ്പേർ മെസേജ് അയച്ച് പറഞ്ഞിട്ടുണ്ട്. തൃശൂർ ബസ് കയറാൻ പോകുന്ന കുട്ടികളും അമ്മമാരും സൂക്ഷിക്കുക. മാസ്‌കും വച്ച് നടക്കുന്നുണ്ട്. കണ്ടാൽ തിരിച്ചറിയണം. സേഫ് ആയിരിക്കുക.'- മസ്താനി പറഞ്ഞു.
മസ്താനിയുടെ വീഡിയോയുടെ താഴെ കമന്റുമായി സവാദ് എത്തിയിട്ടുണ്ട്. "എത്ര ന്യായികരിച്ചിട്ടും എല്ലാ വിധ തോന്നിവാസം കാട്ടിയിട്ടും പൂർണമായി നിനക്ക് വെളുപ്പിക്കാൻ പറ്റുന്നില്ല ലേ എൻ്റെ പിറകെ ഞാൻ പോകുന്ന വഴിയിൽ ഇങ്ങന നടന്നോ, എന്നിട്ട് ന്യായീകരിച്ച് ന്യയീകരിച്ച് ചെയ്യേണ്ട കളിയൊക്ക കളിച്ച് നീ പൂർണമായി വെളുക്കാൻ നോക്ക്, വീഡിയോ എടുക്കാൻ പിറക വന്ന.മോന് നല്ലോണം പറഞ്ഞിരുന്നെങ്കിൽ ഞാൻ നടക്കുന്ന വീഡിയോ ഒന്നൂടെ സെറ്റാക്കാമായിരുന്നു"- എന്നാണ് സവാദ് കമന്റ് ചെയ്തത്.