തുടർച്ചയായി തുറിച്ചുനോക്കി, മോശം ആംഗ്യം കാണിച്ചു; യുവാവിനെ കരണത്തടിച്ച് യുവതിയുടെ മാസ് മറുപടി

Thursday 27 November 2025 3:41 PM IST

മുംബയ്: റെയിൽവേ സ്റ്റേഷനിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് യുവതിയുടെ വക കിട്ടിയത് നല്ല ഉഗ്രൻ ചെകിട്ടത്തടി. മുംബയിലെ ഒരു റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അഭിനന്ദന പ്രവാഹമാണ് യുവതിക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്ന യുവാവ് യുവതിയോട് മോശം ആംഗ്യം കാണിക്കുകയും തുടർച്ചയായി തുറിച്ചുനോക്കുകയും ചെയ്യുകയായിരുന്നു. ആദ്യം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ തുറിച്ചു നോക്കുന്നത് തുടരുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഇതോടെയാണ് ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ തീരുമാനിച്ചത്. ഫോണിൽ റെക്കാർഡ് ചെയ്യുമ്പോൾ കൂസലില്ലാതെ യുവതിയെ നോക്കി യുവാവ് ടാറ്റ കാണിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് രണ്ടും കൽപ്പിച്ച് ഇയാളുടെ അടുത്തേക്ക് യുവതി നടന്നു ചെന്നു. തന്നോട് മോശമായി പെരുമാറിയതിന്റെ കാരണം തിരക്കി. എന്നാൽ താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് യുവാവ് നിഷേധിച്ചു.

തന്റെ ഫോണിൽ വീഡിയോ ഷൂട്ട് ചെയ്തത് കാണിക്കണോയെന്ന് യുവതി ആവർത്തിച്ച് ചോദിച്ച് നിമിഷങ്ങൾക്കുള്ളിൽ യാതൊരു ദയയുമില്ലാതെ യുവതി യുവാവിന്റെ കരണത്തടിക്കുയായിരുന്നു. അപ്പോഴേക്കും റെയിൽവേസ്റ്റഷനിൽ ചുറ്റും കൂടി നിന്ന യാത്രക്കാർ വിഷയത്തിൽ ഇടപെട്ടതോടെ യുവാവ് ഉടൻ തന്നെ യുവതിയോട് മാപ്പ് പറയുകയും ചെയ്തു. ഗർകെ കലേഷ് എന്ന എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

ചിലപ്പോഴൊക്കെ മര്യാദ പഠിപ്പിക്കാൻ ഒരടി മാത്രം മതിയാകുമെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ എല്ലാ പെൺകുട്ടികൾക്കും ഇത്തരത്തിൽ ആത്മവിശ്വാസം വേണം. തെറ്റ് കണ്ടാൽ വീഡിയോ എടുത്ത് പ്രതികരിക്കുക. മറ്റൊരാൾ അഭിപ്രായപ്പെട്ടു. യുവതിക്ക് പിന്തുണ നൽകിയ മുംബയിലെ യാത്രക്കാരെയും പലരും അഭിനന്ദിച്ചു.