'ഹോട്ടലിൽ മുറിയെടുക്കുമ്പോൾ രണ്ടാമത്തെ നിലയ്ക്ക് മുകളിലും ഏഴാമത്തെ നിലയ്ക്ക് താഴെയും ആകണം': മുന്നറിയിപ്പ്
ഹോങ്കോങ്ങിലെ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ മുറിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് യുഎൻ ദുരന്ത ലഘൂകരണവിഭാഗം തലവൻ മുരളി തുമ്മാരുക്കുടി. എവിടെ ഏത് ഹോട്ടലിൽ മുറിയെടുത്താലും രണ്ടാമത്തെ നിലയ്ക്ക് മുകളിലും ഏഴാമത്തെ നിയ്ക്ക് താഴെയും മാത്രമേ മുറി എടുക്കാവൂ എന്നാണ് അദ്ദേഹം പറയുന്നത്. ഹോങ്കോങ്ങിൽ സംഭവിച്ചതുപോലെയുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എന്തൊക്കെ സുരക്ഷാകാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നം പറയുന്നുണ്ട്. ഹോട്ടലിൽ മാത്രമല്ല വീടുകളിലും ഓഫീസുകളിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം
ഹോട്ടലിൽ മുറി എടുക്കുമ്പോൾ ...
യാത്ര തൊഴിലിന്റെ ഭാഗമായതിനാൽ എപ്പോഴും ഹോട്ടലിൽ താമസിക്കേണ്ടി വരാറുണ്ട്.
ഓരോ തവണയും ഹോട്ടലിൽ എത്തിക്കഴിഞ്ഞു സിദ്ധാർത്ഥിനെ വിളിക്കുമ്പോൾ അവൻ ചോദിക്കും
"ഏതു ഫ്ലോറിൽ ആണ് മുറി കിട്ടിയത് ?"
അതിനൊരു കാരണമുണ്ട്.
ഏതു ഹോട്ടലിൽ മുറി എടുക്കുമ്പോഴും രണ്ടാമത്തെ നിലക്ക് മുകളിലും ഏഴാമത്തെ നിലക്ക് താഴെയും മാത്രമേ മുറി എടുക്കാവൂ എന്ന് ഞാൻ അവനെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്.
അത് ഒരു സുരക്ഷാ നിർദ്ദേശമായി എനിക്ക് ലഭിച്ചതാണ്.
രണ്ടാമത്തെ നിലക്ക് മുകളിൽ വേണം മുറി എടുക്കാൻ എന്നുള്ളത് അതിന് താഴെ ഉള്ള നിലകളിൽ കള്ളന്മാർക്ക് എത്താൻ എളുപ്പവും ഹോട്ടലിന് പുറത്ത് ഒരു ബോംബ് ബ്ലാസ്റ്റോ ടാങ്കർ അപകടമോ ഒക്കെ ഉണ്ടായാൽ മുറിയിൽ അപകടം ഉണ്ടാകാനുള്ള സാധ്യത ഓർത്താണ്.
ഏഴാമത്തെ നിലക്ക് താഴെ വേണം എന്നുള്ളത് അഗ്നി സുരക്ഷയെപ്പറ്റിയുള്ള ചിന്തയിൽ നിന്നാണ്. അഗ്നിബാധ ഉണ്ടായാൽ ലിഫ്റ്റ് ഉപയോഗിക്കാൻ സാധിക്കില്ലല്ലോ. അപ്പോൾ വേഗത്തിൽ ഓടിയിറങ്ങാൻ പറ്റുന്ന ഉയരത്തിൽ താമസിക്കുന്നതാണ് ബുദ്ധി.
ഹോങ്കോങ്ങിലെ അഗ്നിബാധ കണ്ടപ്പോൾ വീണ്ടും ഓർത്തു. അവിടെ മരണ സംഖ്യ അമ്പത് കഴിഞ്ഞു. ഇനിയും തീ അണഞ്ഞിട്ടില്ല. അവസാന മരണ സംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് റിപ്പോർട്ട്. ഗ്രെൻഫെൽ ടവർ ദുരന്തത്തേക്കായും വലിയ ദുരന്തമാകുമെന്ന് തോന്നുന്നു കാരണം ഒന്നിൽ കൂടുതൽ ടവറുകൾ ആണ് അഗ്നിക്കിരയായത്.
ഇത് ഹോട്ടൽ മുറിയുടെ കാര്യം മാത്രമാണോ ?, അതോ ഓഫീസ് ബിൽഡിങ്ങ്, സ്വന്തം വീട് ഇതിന്റെ ഒക്കെ കാര്യത്തിലും ബാധകമാണോ?
ബാധകമാണ്. അപകടങ്ങൾക്ക് സ്വന്തം, വാടക, ഓഫീസ് എന്നൊന്നുമില്ല.
ഓഫീസിന്റെ കാര്യത്തിൽ നമുക്ക് പ്രത്യേകിച്ച് ചോയ്സ് ഉണ്ടാകില്ലല്ലോ. അപ്പോൾ മറ്റു സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുകയും ഇടക്കിടക്ക് മോക്ക് ഡ്രിൽ നടത്തുകയും നമ്മൾ തന്നെ ഇടക്ക് ഇറങ്ങി നോക്കി എമർജൻസി സ്റ്റെയർ വെൽ ഒക്കെ ക്ലിയർ ആണ്, പഴയ ഫർണിച്ചർ ഇല്ല, വാതിലുകൾ പൂട്ടിയിട്ടിട്ടില്ല എന്നൊക്കെ ഉറപ്പാക്കുകയാണ് ശരിയായ കാര്യം.
വീടിന്റെ കാര്യത്തിൽ കൂടുതൽ ഉയരത്തിൽ താമസിക്കുന്നതാണ് ഭംഗി. കൊച്ചിയിൽ ആണെങ്കിൽ ഏഴു നിലയിൽ ഒക്കെ കൊതുക് എത്തുകയും ചെയ്യും. അപ്പോൾ സ്ഥിരം കൊതുക് കടിക്കണോ ഉണ്ടാകാൻ സാധ്യതയുള്ള അഗ്നിബാധക്ക് മുകരുത്തൽ എടുക്കണോ എന്നതൊരു റിസ്ക് മാനേജ്മെന്റ് ആണ്.
മുരളി തുമ്മാരുകുടി