മനുഷ്യരോട് 'സ്നേഹം' ചുറ്റുമുള്ള മറ്റ് ജീവികളെ കൊന്നൊടുക്കും; ഈ പാമ്പ് ചില്ലറക്കാരനല്ല
പോർട്ട് ബ്ലെയർ: ലോകമെമ്പാടുമുള്ള വന്യജീവി പ്രേമികളുടെ ശ്രദ്ധ ആകർഷിച്ച് പുതിയ ഇനം പാമ്പിനെ കണ്ടെത്തി ഗവേഷകർ. മനുഷ്യർക്ക് നിരുപദ്രവകാരികളായ വിഷമില്ലാത്ത പാമ്പിനെയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെയും ഗവേഷക സംഘമാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ഗ്രേറ്റ് നിക്കോബാർ എന്ന ദ്വീപിൽ സുപ്രധാന കണ്ടെത്തൽ നടത്തിയത്.
'ഇർവിൻസ് വുൾഫ് സ്നേക്ക്' എന്നാണ് ഗവേഷകർ ഇതിന് പേരിട്ടിരിക്കുന്നത്. അന്തരിച്ച പ്രശസ്ത ഓസ്‌ട്രേലിയൻ വന്യജീവി സംരക്ഷകൻ സ്റ്റീവ് ഇർവിനോടുള്ള ആദരസൂചകമായിട്ടാണ് പാമ്പിന് ഇത്തരമൊരു പേര് നൽകിയിരിക്കുന്നത്. ഒരു മീറ്റർ വരെ നീളമുള്ള തിളക്കമാർന്ന പ്രത്യേക കറുപ്പ് നിറമാണ് ഇവയ്ക്കുള്ളത്. ഉരഗങ്ങൾ, ഉഭയജീവികൾ, ചെറിയ സസ്തനികൾ എന്നിവയാണ് പ്രധാന ഭക്ഷണം. പാമ്പിന്റെ പരിമിതമായ ആവാസവ്യവസ്ഥയെ തുടർന്ന് വംശനാശഭീഷണി നേരിടുന്നതായും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഈ പാമ്പ് ഇപ്പോൾ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഇവയുടെ എണ്ണം കുറവായതിനാലും, മനുഷ്യർ ഈ ദ്വീപിൽ ഇടപെടുന്നത് പാമ്പുകൾക്ക് ഭീഷണിയാകാൻ സാദ്ധ്യതയുള്ളതിനാലും ഇവയെ വംശനാശം സംഭവിക്കാൻ സാദ്ധ്യതയുള്ള ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ഗവേഷകർ പറയുന്നത്.