‘ഐശ്വര്യഗ്രാമം’ പദ്ധതി മാർഗ നിർദ്ദേശത്തിന് അംഗീകാരമായി
വൈപ്പിൻ: പട്ടികജാതി ഉന്നതികളിലും പുറത്തുമുള്ള പട്ടികജാതി വിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ‘ഐശ്വര്യഗ്രാമം’ പദ്ധതിയുടെ മാർഗരേഖയ്ക്ക് അംഗീകാരമായി. ഇതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് പട്ടികജാതി വിഭാഗങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിതം സാദ്ധ്യമാകും. 2025-26 സാമ്പത്തിക വർഷം ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പ്രത്യേക പാക്കേജാണ് ഐശ്വര്യഗ്രാമം എന്ന പേരിൽ നടപ്പാക്കുന്നത്. അംബേദ്കർ ഗ്രാമ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത കുടുംബങ്ങളെ ഐശ്വര്യയിൽ ഉൾപ്പെടുത്തും. കുടിവെള്ളം, വൈദ്യുതി, മാലിന്യ നിർമ്മാർജനം, പ്രധാന റോഡുകളിലേക്ക് ബന്ധപ്പെടുത്തുന്ന ഗതാഗത സൗകര്യം, ശുചിത്വ സൗകര്യങ്ങൾ, ഇന്റർനെറ്റ്, പഴക്കമുള്ള വീടുകളുടെ അറ്റകുറ്റപ്പണി, അടുക്കള നവീകരണം, വീടുകളുടേയും നഗറുകളുടേയും സംരക്ഷണഭിത്തി നിർമ്മാണം, നഗറുകളിലെ പരമ്പരാഗത ആരാധനാലയങ്ങളുടെ പുനരുദ്ധാരണം എന്നിവയെല്ലാം ഈ പദ്ധതിയിലുണ്ട്. അടിയന്തര പ്രാധാന്യം ബോദ്ധ്യമായാൽ അഞ്ചിൽ താഴെ കുടുംബങ്ങൾ താമസിക്കുന്ന മേഖലകളെയും പദ്ധതിയുടെ ഭാഗമാക്കാനാകും. തദ്ദേശ സ്ഥാപന അംഗീകാരത്തോടെ പട്ടികജാതി വികസന ഓഫീസർ തയ്യാറാക്കി ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് ശുപാർശ നൽകണം. തുടർന്ന് പട്ടികജാതി, പട്ടിക വർഗ വികസന ജില്ലാകമ്മിറ്റിക്ക് സമർപ്പിക്കണം. കുടുംബനാഥരായ വനിതകൾ, വിധവകൾ, കിടപ്പു രോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന ഉണ്ടാകും. 5നും 14നും ഇടയിൽ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പരമാവധി 25 ലക്ഷം രൂപയാണ് ചെലവഴിക്കുക. സംസ്ഥാനത്ത് 31 ലക്ഷത്തോളം പട്ടികജാതി വിഭാഗക്കാരാണുള്ളത്.