'കൂടുതൽ പരിശ്രമിക്കും, ശക്തമായി തിരിച്ചുവരും', ആരാധകരോട് മാപ്പു ചോദിച്ച് ഇന്ത്യൻ താരം ഋഷഭ് പന്ത്

Thursday 27 November 2025 4:57 PM IST

ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ നാണംകെട്ട തോൽവിക്ക് പിന്നാലെ ആരാധകരോട് ക്ഷമ ചോദിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ഞങ്ങൾ മതിയായ രീതിയിൽ കളിച്ചില്ലെന്നും ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്നും പന്ത് സമ്മതിച്ചു.

കൊൽക്കത്തയിലും ഗോഹട്ടിയിലുമായി നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു. ഇതോടെ 0-2ന് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരുകയായിരുന്നു.408 റൺസിന്റെ കനത്ത തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 2010ന് ശേഷം ഇന്ത്യയിൽ നേടുന്ന ദക്ഷിണാഫ്രിക്കയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. തോൽവിയെ തുടർന്ന് ആരാധകരുടെയും നിരൂപകരുടെയും വിമർശനം രൂക്ഷമായതോടെയാണ് പന്ത് ഇൻസ്റ്റാഗ്രാമിലൂടെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്

'കഴിഞ്ഞ രണ്ടാഴ്ചകളിലും മതിയായ പ്രകടനം കാഴ്ചവയ്ക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നുള്ളത് സത്യമാണ്. പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുന്നു. ഒരു ടീമെന്ന നിലയിലും വ്യക്തിഗതമായും കൂടുതൽ മെച്ചപ്പെടാൻ ഞങ്ങൾ പരിശ്രമിക്കും. ശക്തമായി തിരിച്ചുവരും.' പന്ത് കുറിച്ചു.