സത്യം ജയിക്കും, കുറ്റം ചെയ്തിട്ടില്ലെന്നുളള ബോദ്ധ്യമുള്ളിടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: യുവതി തനിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോദ്ധ്യമുള്ളിടത്തോളം കാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോദ്ധ്യപ്പെടുത്തുമെന്നും സത്യം ജയിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
അതേസമയം, രാഹുലിനെതിരെ അതിജീവിത പരാതി നൽകിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നടി റിനി ആൻ ജോർജ് പ്രതികരിച്ചു. 'വളരെയധികം സന്തോഷമുണ്ട്. സത്യമേ ജയിക്കൂ. എത്ര അസത്യ പ്രചാരണങ്ങൾ നടത്തിയാലും സത്യം അതിന്റെ ശോഭയിൽത്തന്നെയുണ്ടാകുമെന്നതിന്റെ വലിയൊരു തെളിവാണ്. അതിജീവിതകളാരുമില്ലെന്നും ഇത് വെറും കെട്ടുകഥകൾ മാത്രമാണെന്നും പ്രചരിപ്പിച്ചവരുടെ മുന്നിലേക്കെത്തുന്ന കൃത്യമായ മുന്നറിയിപ്പാണ്. ഒരു അതിജീവിത മാത്രമല്ല, ഒരുപാട് അതിജീവിതമാരുണ്ട്. ഇനി ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുള്ള മറ്റ് പെൺകുട്ടികൾ കൂടി മുന്നോട്ടുവരണം. തുറന്നുപറയണം. നീതി നേടിയെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. പേര് പറയാതെ എന്റെ ജീവിതത്തിൽ നേരിട്ട അനുഭവം വെളിപ്പെടുത്തിയപ്പോൾ അതിതീവ്രമായ സൈബർ അറ്റാക്ക് നേരിടേണ്ടിവന്നിട്ടുണ്ട്.'- റിനി ഒരു ചാനലിനോട് പറഞ്ഞു.
രാഹുലിനെതിരെ ആരോപണവുമായി മുമ്പ് റിനി രംഗത്തെത്തിയിരുന്നു. ജനപ്രതിനിധിയായ യുവനേതാവ് തനിക്ക് അശ്ളീലസന്ദേശം അയച്ചെന്നും പാർട്ടിയിലെ നേതാക്കളുടെ പെൺമക്കളെ ഉപദ്രവിച്ചിട്ടുണ്ടെന്നുമായിരുന്നു കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയത്.