" ഇൻസ്ട്രുമെന്റ് ബോക്സു"മായി വന്ന്  നാടകത്തിൽ കുമ്മനോട് ഒന്നാമതായി

Friday 28 November 2025 12:20 AM IST
ഇൻസ്ട്രുമെന്റ് ബോക്സ് നാടകത്തിലെ അഭിനേതാക്കൾ അണിയറക്കാരോടൊപ്പം

കോലഞ്ചേരി: 'ഇൻസ്ട്രുമെന്റ് ബോക്സു"മായി വന്ന് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം യു.പി വിഭാഗം നാടക മത്സരത്തിൽ തുടർച്ചയായ നാലാം തവണയും കുമ്മനോട് ഗവ. യു.പി സ്കൂൾ ഒന്നാമതെത്തി. സമൂഹത്തിൽ അവഗണിക്കപ്പെടുന്ന ചില ജീവിതങ്ങളെ തുറന്നു കാട്ടുന്നതായിരുന്നു നാടകം. ഇൻസ്ട്രുമെന്റ് ബോക്സിനകത്ത് ഉപയോഗശൂന്യമെന്ന് കരുതുന്ന ചില ഉപകരണങ്ങൾ പോലെ സാധാരണ ജീവിതത്തിലെ ദരിദ്രരെ മനുഷ്യ സമൂഹം അവഗണിക്കുന്നതാണ് ഇതിവൃത്തം. വിദ്യാഭ്യാസ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഇൻസ്ട്രുമെന്റ് ബോക്‌സിലൂടെ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അസമത്വത്തെ തുറന്നു കാട്ടുകയാണ് നാടകമെന്നായിരുന്നു വിധി കർത്താക്കളുടെ നിരീക്ഷണം.

നാടകത്തിൽ ഷുക്കൂർ എന്ന വിദ്യാർത്ഥിയുടെ കുസൃതികളും ബാപ്പയില്ലാത്ത കുട്ടിയുടെ മനോവിഷമവും വൈകാരികമായി അവതരിപ്പിച്ച ടി.എൻ. ആര്യൻ മികച്ച നടനായി. ടീച്ചറുടെയും ബാപ്പയില്ലാതെ മകനെ പൊന്നു പോലെ നോക്കുന്ന ഉമ്മയുടെയും റോളുകൾ അവതരിപ്പിച്ച സി.എസ്. ജുമാന ജന്നത്ത് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. സി.സി. കുഞ്ഞുമുഹമ്മദാണ് രചനയും സംവിധാനവും നിർവഹിച്ചത്.