'ഹാൽ' സിനിമയ്ക്കെതിരായ കാത്തലിക് കോൺഗ്രസിന്റെ അപ്പീൽ വിധിപറയാൻ മാറ്റി
കൊച്ചി: "ഹാൽ" സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാനുള്ള സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാത്തലിക് കോൺഗ്രസ് ഹൈക്കോടതിയിൽ അപ്പീൽനൽകി. ക്രിസ്ത്യൻ സമുദായത്തെയും താമരശേരി ബിഷപ്പ് ഹൗസിനെയും പ്രതിപാദിക്കുന്ന സിനിമയിലെ മൂന്ന് സീനുകൾക്ക് സിംഗിൾബെഞ്ച് അനുമതി നൽകിയതിനെതിരെയാണ് അപ്പീൽ. ഈ സീനുകൾ ഒഴിവാക്കണമെന്ന് സെൻസർബോർഡ് നിർദ്ദേശിച്ചിരുന്നുവെന്നും കാത്തലിക് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
വാദംകേട്ട ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി,ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് അപ്പീൽ വിധിപറയാൻ മാറ്റി. കാത്തലിക് കോൺഗ്രസ് കേസിൽ കക്ഷിചേർന്നവരാണെന്നും അതിനാൽ അപ്പീൽ നിലനിൽക്കില്ലെന്നും സിനിമയുടെ നിർമ്മാതാവും സംവിധായകനും ഉന്നയിച്ചു. ഈ വിഷയം കോടതിയും ചൂണ്ടിക്കാട്ടി. എന്നാൽ തങ്ങൾ നൽകിയ പരാതിയിലാണ് സഭയെ പ്രതിപാദിക്കുന്ന മൂന്ന് സീനുകൾ ഒഴിവാക്കാൻ സെൻസർബോർഡ് നിർദ്ദേശിച്ചതെന്നും ഹർജി സിംഗിൾബെഞ്ച് പരിഗണിച്ചതിനാൽ അപ്പീൽ നൽകാനാകുമെന്നും കാത്തലിക് കോൺഗ്രസ് വിശദീകരിച്ചു.
കാത്തലിക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. ചാക്കോ സിനിമ കണ്ടിരുന്നു. സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് സ്റ്റേചെയ്യണമെന്നും കാത്തലിക് കോൺഗ്രസ് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നും സ്റ്റേ ആവശ്യമില്ലെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
ഷെയ്ൻ നിഗം നായകനായ "ഹാൽ" സിനിമയുടെ ഇതിവൃത്തം മുസ്ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ്. ഒരു ഡസനോളം കട്ടുകൾ നിർദ്ദേശിച്ച സെൻസർബോർഡിന്റെ നിർദ്ദേശം ചോദ്യംചെയ്ത് നിർമ്മാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജിയിലായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. സെൻസർ ബോർഡ് നിർദ്ദേശിച്ച, ബീഫ് ബിരിയാണി കഴിക്കുന്ന സീനുകളടക്കം ഒഴിവാക്കാൻ തയാറാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചതും സിംഗിൾബെഞ്ചിന്റെ ഉത്തരവിന് കാരണമായി. നേരത്തെ സിംഗിൾബെഞ്ച് സിനിമ കണ്ടിരുന്നു.