സ്വയരക്ഷയ്ക്ക് വെടിവയ്ക്കാമെന്ന് ഡി.ജി.പി :പൊലീസിനെ ആക്രമിച്ചാൽ 10 വർഷം അകത്താവും
തിരുവനന്തപുരം: പൊലീസിനെ ആക്രമിക്കുന്നത് വ്യാപകമാവുന്ന പശ്ചാത്തലത്തിൽ,സ്വയരക്ഷയ്ക്ക് വെടിയുതിർക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ 'കേരളകൗമുദി'യോട് പറഞ്ഞു. പൊലീസ് പിടികൂടാനെത്തിയപ്പോൾ വാളുമായി ആക്രമിച്ച കാപ്പക്കേസ് പ്രതിക്കുനേരേ ആര്യങ്കോട് എസ്.എച്ച്.ഒയ്ക്ക് വെടിയുതിർക്കേണ്ടിവന്നു. പൊലീസിനെ
പരിക്കേൽപ്പിക്കുന്നത് 10വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാകുറ്റമാണ്. ക്രിമിനലുകളുടെയും മാഫിയകളുടെയും പേടിസ്വപ്‌നമായിരുന്ന പൊലീസിനെ നാടുനീളെ ആക്രമിക്കുന്ന സ്ഥിതിയാണിപ്പോൾ.
ഗുണ്ടകളെയും അക്രമികളെയുമടക്കം പിടികൂടാൻ പോവുമ്പോൾ പിസ്റ്റൾ കരുതണമെന്നും പൊലീസിനെ ആക്രമിച്ചാൽ സ്വയരക്ഷയ്ക്കായി വെടിവയ്ക്കാമെന്നുമാണ് പൊലീസ് നേതൃത്വത്തിന്റെ നിർദ്ദേശം. അക്രമികളെ കീഴ്‌പ്പെടുത്താനും ജനങ്ങളുടെ രക്ഷയ്ക്കും തോക്കുപയോഗിക്കാം.
സർക്കാരുദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയാൽ രണ്ടുവർഷം തടവുശിക്ഷകിട്ടാം. മുറിവേൽപ്പിച്ചാൽ 3വർഷം തടവാണ് ശിക്ഷ. ഗുരുതരമായി മുറിവേൽപ്പിച്ചാൽ 10വർഷം ജയിലിൽ കിടക്കേണ്ടിവരും. പൊലീസിനെതിരെ കൈഓങ്ങുക, വാഹനംതടയുക, കൂട്ടംകൂടി ബലപ്രയോഗം നടത്തുക, പൊലീസ് നടപടികൾ തടയുക എന്നിവയെല്ലാം ഈകുറ്റകൃത്യങ്ങളുടെ പരിധിയിൽ വരും.
ബോംബോ സ്ഫോടകവസ്തുക്കളോ എറിയുന്നതും എക്സ്‌പ്ലോസീവ് സബ്സ്റ്റൻസസ് ആക്ട് പ്രകാരം ഗുരുതരകുറ്റമാണ്. 10വർഷം തടവുശിക്ഷയും പിഴയുംകിട്ടാം. ഇവയെല്ലാം ജാമ്യമില്ലാകുറ്റങ്ങളാണ്.
നാടുനീളെ ആക്രമണം,
വലഞ്ഞ് പൊലീസ്
തൃശൂരിൽ ഗുണ്ടയുടെ പിറന്നാളാഘോഷത്തിനിടെ പൊലീസിനെ വടിവാളിന് ആക്രമിച്ചു
കഴക്കൂട്ടത്ത് ഉത്സവത്തിലെ സംഘർഷംതടഞ്ഞ പൊലീസുകാരന്റെ തലയ്ക്ക് കമ്പികൊണ്ടടിച്ചു.
കണ്ണൂരിൽ പട്രോളിംഗ് ജീപ്പിനുനേർക്ക് മൂന്ന് ഐസ്ക്രീംബോബുകളെറിഞ്ഞു.
കണിയാപുരത്ത് പൊലീസിനുനേരെ പെട്രോൾബോംബും മഴുവും.
കാസർകോട്ട് ബേക്കൽ സ്റ്റേഷനിലെ എ.എസ്.ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു
കഞ്ചാവ് വില്പന പിടികൂടിയപ്പോൾ പെപ്പർസ്പ്രേ ആക്രമണമുണ്ടായത് കടയ്ക്കലിൽ.
ട്രെയിനിലെ മോഷണം പിടികൂടിയതിന് വർക്കലയിൽ റെയിൽവേ പൊലീസിനെ ആക്രമിച്ചു
കണ്ണൂരിൽ വാഹനപരിശോധനയ്ക്കിടെ എസ്.ഐയെ കാറിന്റെ താക്കോൽകൊണ്ട് കുത്തി.
പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ എയ്ഡ്പോസ്റ്റ് ആക്രമിച്ചു, യൂണിഫോം വലിച്ചുകീറി.
കണ്ണൂർ പൊതുവാച്ചേരിയിൽ പൊലീസിനെ ആക്രമിക്കുകയും ജീപ്പ് തകർക്കുകയും ചെയ്തു
കഠിനംകുളം സ്റ്റേഷനിൽ കാപ്പകേസിൽ അറസ്റ്റിലായിരുന്ന പ്രതി പൊലീസിനെആക്രമിച്ചു.
വിഴിഞ്ഞം സ്റ്റേഷനിൽ പൊലീസുദ്യോഗസ്ഥരെ കൂട്ടത്തോടെ ആക്രമിച്ചു.