'ചെമ്പ്' മഹസറിൽ ഒപ്പിട്ടവരിൽ, തന്ത്രി കണ്ഠരര് രാജീവരരും
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെയും ശക്തമായ തെളിവ്. ശ്രീകോവിൽ വാതിലിന്റെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നതിന് 2019 മേയ് 18ന് തയ്യാറാക്കിയ മഹസറിൽ ഒപ്പുവച്ചവരിൽ കണ്ഠരര് രാജീവരും ഉൾപ്പെടും. ഈ വിവരം ഹൈക്കോടതി പിടിച്ചെടുത്ത രേഖകളിലും ഇടക്കാല ഉത്തരവിലുമുണ്ട്. 'ചെമ്പുപാളികൾ' എന്ന് തെറ്റായി രേഖപ്പെടുത്തിയ കട്ടിളയിൽ നിന്ന് 474.9 ഗ്രാം സ്വർണം നഷ്ടമായതായും കണ്ടെത്തിയിട്ടുണ്ട്.
അറ്റകുറ്റപ്പണികൾക്ക് ദേവന്റെ അനുജ്ഞ കൈമാറുക മാത്രമാണ് ഉണ്ടായതെന്നാണ് തന്ത്രി നൽകുന്ന വിശദീകരണം. എന്നാൽ, മഹസറിലെ ഒപ്പ് തിരിച്ചടിയാകും. കട്ടിളപ്പാളികളുടെ മഹസറിൽ തന്ത്രിയും അന്നത്തെ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി, ഉദ്യോഗസ്ഥരായ ബി. മുരാരിബാബു, ഡി. ജയകുമാർ, ആർ. ശങ്കരനാരായണൻ, കെ. സുലിൻകുമാർ, സി.ആർ. ബിജുമോൻ, ജീവനക്കാരായ എസ്. ജയകുമാർ, പി.ജെ. രജീഷ്, വി.എം. കുമാർ എന്നിവരും ഒപ്പുവച്ചിട്ടുണ്ട്. മുരാരിബാബു അറസ്റ്റിലായി. തന്ത്രി രാജീവരെ എസ്.ഐ.ടി കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് സമ്മതിച്ചിരുന്നു. കസ്റ്റഡിയിലുള്ള ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയും തന്ത്രിക്കെതിരാണ്.
ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണിക്ക് മുമ്പാണ് പോറ്റി കട്ടിളപ്പാളികൾ കൊണ്ടുപോയത്. അതിനുമുമ്പ് ശ്രീകോവിൽ വാതിൽ പുതുക്കിപ്പണിത് വിശ്വാസ്യത പിടിച്ചുപറ്റിയിരുന്നു. കട്ടിളപ്പാളികൾ കൊടുത്തുവിടാനുള്ള നീക്കം 2019 ഫെബ്രുവരി 16നാണ് തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ദേവസ്വം കമ്മിഷണർക്ക് അയച്ച കത്തിൽ 'സ്വർണപ്പാളികൾ' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ദേവസ്വം കമ്മിഷണർ ബോർഡിന് നൽകിയ ശുപാർശയിൽ അത് 'ചെമ്പ്' ആകുകയും മാർച്ച് 20ന് അതേപടി തീരുമാനമെടുക്കുകയുമായിരുന്നു. തുടർന്ന് മേയിലാണ് ചെന്നൈയ്ക്ക് കൊടുത്തയച്ചത്.
പത്മകുമാർ വീണ്ടും റിമാൻഡിൽ
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ട ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്നലെ വൈകിട്ട് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്മകുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ കോടതിക്ക് മുന്നിലെ റോഡിൽ പ്രതിഷേധവുമായി തടിച്ചുകൂടി.
ഉണ്ണികൃഷ്ണൻ പോറ്റി, ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി.മുരാരിബാബു എന്നിവരുടെ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്ക് ദീർഘിപ്പിച്ചു. റിമാൻഡ് കാലാവധി അവസാനിച്ച പശ്ചാത്തലത്തിൽ ഇരുവരെയും ഇന്നലെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ദേവസ്വം ബോർഡ് മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും.