ഗണേഷ് കുമാറിന്റെ പരിഷ്കാരം ഫലം കണ്ടു,​ ഒറ്റദിനം കെഎസ്ആർടിസിക്ക് ലഭിച്ചത് 9.29 കോടി രൂപ

Thursday 27 November 2025 9:01 PM IST

തിരുവനന്തപുരം : ഓപ്പറേഷണൽ റവന്യുവിൽ മികച്ച നേട്ടവുമായി കെ.എസ്.ആർ.ടി.സി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഓപ്പറേഷണൽ റവന്യു ആയ 9.29 കോടി രൂപയാണ് നവംബർ 24ന് കെ.എസ്.ആ‍ർ.ടി.സിക്ക് ലഭിച്ചത്. ഇത്ന മുമ്പ് സെപ്തംബർ എട്ടിന് 10.19 കോടി രൂപയും ഒക്ടോബർ ആറിന് 9.41 കോടി രൂപയും ലഭിച്ചിരുന്നു. അസാദ്ധ്യമെന്ന് കരുതുന്നതെന്തും കൂട്ടായ പരിശ്രമത്തിലൂടെ നേടാനാകുമെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.പി.എസ് . പ്രമോജ് ശങ്കർ പറഞ്ഞു.

പരമാവധി ജീവനക്കാരെ നിയോഗിച്ചും ഓഫ് റോഡ് കുറച്ചും കൃത്യമായ ഷെഡ്യൂൾ പ്ലാനിംഗ് നടത്തിയും ഓൺലൈൻ റിസർവേഷൻ,​ പാസഞ്ചർ ഇൻഫർമേഷൻ തുടങ്ങി എല്ലാ മേഖലയിലും കാലാനുസൃതമായ,​ ഗുണകരമായ മാറ്റങ്ങൾ വരുത്തിയും ആധുനിക സൗകര്യങ്ങളോട് കൂടിയ ആകർഷകമായ ബസുകൾ ഉപയോഗിച്ച് സർവീസുകൾ ആരംഭിച്ചും കെ.എസ്.ആ‍ർ.ടി.സി മുന്നേറുകയാണ്. ഇത്തരത്തിൽ മികച്ച രീതിയിലുള്ള ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിലൂടെ സമീപഭൂമിയിൽ തന്നെ കെ,​എസ്,ആ‍ർ.ടി.സിക്ക് സ്വയം പര്യാപ്ത സ്ഥാപനമായി മാറാനാകും എന്ന് പ്രതീക്ഷിക്കുന്നു. ഇതിന് വേണ്ടി മാതൃകാപരമായി പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ട ജീവനക്കാരെയും സൂപ്പർവൈസർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.