സിറ്റികളിലേക്ക് കുതിച്ച് കേരളം,​ 49 ഗ്രാമപഞ്ചായത്തുകൾ ഇല്ലാതായി

Friday 28 November 2025 1:38 AM IST

കൊച്ചി: അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട പഞ്ചായത്തീരാജ്, നഗരപാലികാനിയമം നടപ്പിലാക്കി മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ ഗ്രാമങ്ങളെ പിന്തള്ളി കേരളം നഗരങ്ങളിലേക്ക് കുതിക്കുന്നു.

പശ്ചാത്തല സൗകര്യങ്ങളും തനത് വരുമാനവും വർദ്ധിക്കുന്നതിനനുസരിച്ച് ഗ്രാമപഞ്ചായത്തുകളെ മുൻസിപ്പാലിറ്റികളാക്കിയും പിന്നീട് കോർപ്പറേഷനുകളാക്കിയുമാണ് സംസ്ഥാനത്ത് നഗരവത്കരണം ത്വരിതപ്പെടുത്തുന്നത്.

1995നു മുമ്പ് സ്പെഷ്യൽ ഗ്രേഡ് ആയിരുന്ന പല പഞ്ചായത്തുകളും നിലവിൽ മുൻസിപ്പാലിറ്റികളാണ്. 1995ൽ സംസ്ഥാനത്ത് 990 ഗ്രാമപഞ്ചായത്തും 55 മുൻസിപ്പാലിറ്റിയും 3 കോർപ്പറേഷനുമാണ് ഉണ്ടായിരുന്നത്. 2015ൽ നഗരസഭകളുടെ എണ്ണം 87 ആയും കോർപ്പറേഷനുകളുടെ എണ്ണം 6 ആയും ഉയർന്നു. ഗ്രാമപഞ്ചായത്തുകൾ 990ൽ നിന്ന് 941ലേക്കു ചുരുങ്ങി.

മുൻസിപ്പാലിറ്റികളുടെ എണ്ണത്തിൽ 67 ശതമാനവും കോർപ്പറേഷനുകളുടെ എണ്ണത്തിൽ 100 ശതമാനവുമാണ് വർദ്ധന. വാർഡുകളുടെ എണ്ണം 17% വർദ്ധിച്ചിട്ടും ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായില്ല. ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾ തത്‌സ്ഥിതി തുടരുന്നു. ഇതേകാലയളവിൽ വോട്ടർമാരുടെ എണ്ണത്തിലും വൻവർദ്ധനവുണ്ട്. അതിനനുസരിച്ച് നിയമസഭാ, പാർലമെന്റ് മണ്ഡലങ്ങൾ വർദ്ധിച്ചിട്ടുമില്ല.

പഞ്ചായത്തീരാജ്, നഗരപാലികാനിയമത്തിന്റെ പിൻബലത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ വനിതാപ്രാതിനിദ്ധ്യം വർദ്ധിച്ചതാണ് മറ്റൊരു നേട്ടം. 1995ൽ 33 ശതമാനമായിരുന്നു വനിതാസംവരണം. നിലവിൽ 50ശതമാനത്തിലധികമായി. 2010 മുതലാണ് തദ്ദേശസ്ഥാപനങ്ങളിലെ വനിത സംവരണം 50 ശതമാനമായി ഉയർത്തിയത്. ഇത്തവണ ആകെയുള്ള 23,612 വാർഡ്/ഡിവിഷനുകളിൽ 12,037 എണ്ണം വനിത സംവരണമാണ്.

വോട്ടർമാർ

1995................2,05,08,855 2025............... 2,84,30,761

2025ൽ വർദ്ധിപ്പിച്ച വാർഡുകൾ

കോർപ്പറേഷൻ.....................7 മുനിസിപ്പാലിറ്റി.................128 ഗ്രാമപഞ്ചായത്ത്...........1375 ബ്ലോക്ക് പഞ്ചായത്ത്........187 ജില്ലാ പഞ്ചായത്ത്.................15