ആക്രമിച്ച കാപ്പ പ്രതിയെ വെടിവച്ച് പൊലീസ്, പരിക്കേൽക്കാതെ രക്ഷപ്പെട്ടു, വക്കീലിനെ കാണാനെത്തി കുടുങ്ങി
തിരുവനന്തപുരം/വെള്ളറട: പിടികൂടാനെത്തിയ പൊലീസിനുനേരെ വെട്ടുകത്തി വീശിയ കാപ്പ കേസ് പ്രതിക്കുനേരെ എസ്.എച്ച്.ഒ വെടിവച്ചു. പരിക്കേൽക്കാതെ രക്ഷപ്പെട്ട പ്രതി വക്കീലിനെ കാണാനെത്തിയപ്പോൾ വലയിലായി. ആര്യങ്കോട് മൈലക്കര കിരൺ ഭവനിൽ കൈലി എന്ന കിരണിന് (27) നേരെ ആര്യങ്കോട് എസ്.എച്ച്.ഒ തൻസീ അബ്ദുൾ സമറാണ് വെടിയുതിർത്തത്. വീട്ടിൽ നിന്ന് ഇറങ്ങിയോടിയ കിരണിനെ കാട്ടാക്കടയിൽ വച്ച് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കാട്ടാക്കട പൊലീസാണ് മൽപ്പിടുത്തത്തിലൂടെ കീഴടക്കിയത്.
ഇന്നലെ രാവിലെ ഒൻപതേകാലോടെയാണ് സംഭവം. രണ്ടു കാപ്പ കേസിലെ പ്രതിയായ കിരണിനെ നാടുകടത്തിയിരുന്നു. പിറന്നാൾ ആഘോഷിക്കാൻ കിരൺ എത്തിയതറിഞ്ഞ് ആര്യങ്കോട് പൊലീസ് വീടുവളഞ്ഞു. വീട്ടിൽ കയറി പിടികൂടാൻ ശ്രമിച്ചപ്പോൾ വെട്ടുകത്തി വീശി. ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് പൊലീസുകാർ രക്ഷപ്പെട്ടത്. തുടർന്ന്, എസ്.എച്ച്.ഒ വീടിന്റെ ജനലിലൂടെ വെടിവച്ചു. ഇതോടെ ഇയാൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. വെടിവയ്പ്പിൽ ജനൽചില്ല് തകർന്നു.
ബുധനാഴ്ച രാത്രി കൂട്ടുകാർക്കൊപ്പം കിരൺ റോഡിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിരുന്നു. പോർവിളി നടത്തുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ഇന്നലെ രാവിലെ പൊലീസ് പിടികൂടാനെത്തിയത്. പൊലീസിനെ ആക്രമിച്ചതിനും കാപ്പ നിയമം ലംഘിച്ചതിനും കേസെടുത്തു. ചോദ്യം ചെയ്തശേഷം ഇന്ന് കാട്ടാക്കട കോടതിയിൽ ഹാജരാക്കും.
3 സ്റ്റേഷനുകളിൽ
10 കേസ്
കാട്ടാക്കട, മാറനല്ലൂർ, ആര്യങ്കോട് സ്റ്റേഷനുകളിൽ മയക്കുമരുന്ന്, കഞ്ചാവ്, ആക്രമണം അടക്കം 10 കേസുകളിൽ പ്രതിയാണ് കിരൺ. വിയൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ വീണ്ടും നിരവധി കേസുകളിൽ ഉൾപ്പെട്ടു. തുടർന്ന് കഴിഞ്ഞ ഒക്ടോബർ 10ന് കിരൺ ജില്ലയിൽ പ്രവേശിക്കുന്നത് നിരോധിച്ചു. ഇതുലംഘിച്ചാണ് വീട്ടിലെത്തിയത്.