നാളെ പ്രാദേശിക അവധി , കൊച്ചി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് ബാധകം
കൊച്ചി : എറണാകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് കൊച്ചി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ (നവംബർ 28 വെള്ളി) അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അറിയിച്ചു. സർക്കാർ, എയ്‌ഡഡ്, അൺ എയ്ഡഡ് ( സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്ക് അവധി ബാധകമായിരിക്കും. വിദ്യാർത്ഥികൾക്ക് സ്കുൾ കലോത്സവം ആസ്വദിക്കുന്നതിന് അവസരമൊരുക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
15 വേദികളിലായി നടന്നുവരുന്ന കലോത്സവം 25നാണ് ആരംഭിച്ചത്. അഞ്ചു ദിവസത്തെ മേളയിൽ എണ്ണായിരത്തോളം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. 26ന് രാവിലെ 9ന് പ്രധാന വേദിയായ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തി. ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനം 29ന് വൈകിട്ട് 5.30ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും.
സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ, ദാറുൽ ഉലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് പ്രധാന വേദികൾ.
അതേസമയം ഗുരുവായൂർ ഏകാദശി മഹോത്സവം പ്രമാണിച്ച് ഡിസംബർ ഒന്നിന് തൃശൂർ ചാവക്കാട് താലൂക്ക് പരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും (ജിവനക്കാർ ഉൾപ്പെടെ) ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച് പൊതുപരീക്ഷകൾക്കും കേന്ദ്ര സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.