അറുതിയില്ലാ താളപ്പിഴകൾ

Friday 28 November 2025 3:47 AM IST

കൊച്ചി: കലോത്സവത്തിന്റെ ആദ്യദിനം മുതൽ സംഘാടനത്തിലുണ്ടായ താളപ്പിഴകൾ ചെറുതല്ല. നഗരനടുവിലൊരുക്കിയ കലോത്സവം പകിട്ടില്ലാതായി മാറിയതിനും ഈ സംഘാടനപ്പിഴവ് വഴിയൊരുക്കി. സ്ഥലപരിമിതി, വിധിനിർണയത്തിലെ പാളിച്ചകൾ, വിധികർത്താക്കളുടെ നിരുത്തരവാദ പെരുമാറ്റം, വേദികളുടെ മാറ്റം തുടങ്ങിയ പിഴവുകളങ്ങനെ നീളും. കലോത്സവത്തിന്റെ മൂന്നാം ദിനത്തിലും ഇതിനൊന്നും പരിഹാരമായില്ല. വാഹന പാർക്കിംഗ് ദുഷ്‌കരമായ നഗരത്തിനുള്ളിൽ മത്സരങ്ങൾ കാണാൻ കാണികളില്ലാത്തതും കലോത്സവത്തിന്റെ മാറ്റ് കുറച്ചു.

വിധികർത്താക്കൾക്കെതിരെ വ്യാപക പരാതികളാണ് ദിവസവും. ബുധനാഴ്ച നടന്ന അറബനമുട്ട് മത്സരത്തിന്റെ വിധികർത്താക്കൾക്ക് അറബനമുട്ടിനേക്കുറിച്ച് കൃത്യമായ അറിവില്ലാത്തവരാണെന്നും ആരോപണമുയർന്നു. കലോത്സവ മാന്വൽ പ്രകാരമല്ല വിധിനിർണയമെന്ന് ഏലൂർ ഗവ.എച്ച്.എസ്.എസിലെ അറബനമുട്ട് പരിശീലകർ ആരോപിച്ചു. മുന്നറിയിപ്പില്ലാതെ യക്ഷഗാനം മാറ്റിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം പരസ്യപ്രതിഷേധവുമുയർന്നു. നാടകത്തിന് സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസി.ലെ ഒന്നാം നിലയിൽ വേദിയൊരുക്കിയതും മത്സരാർത്ഥികളെ വലച്ചു.