എച്ച്.എസ്.എസ് പോരാട്ടത്തിൽ വിജയി മാർ അത്തനേഷ്യസ് കോൽക്കളിയിൽ തണ്ടേക്കാടിന് നേട്ടവും കോട്ടവും

Thursday 27 November 2025 10:48 PM IST

കൊച്ചി: ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം കോൽക്കളി മത്സരങ്ങളിൽ തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിന് നേട്ടവും കോട്ടവും. ഹൈസ്‌കൂൾ വിഭാഗത്തിൽ തുടർച്ചയായ പത്താം വർഷവും തണ്ടേക്കാട് വിജയപതാക പാറിച്ചപ്പോൾ ഹയർസെക്കൻഡറി വിഭാഗത്തിൽ 13 വർഷമായുള്ള അവരുടെ തേരോട്ടം നെടുമ്പാശേരി മാർ അത്തനേഷ്യസ് എച്ച്.എസ്.എസ് തകർത്തു.

മാഹിൻ പാനായിക്കുളത്തിന്റെ ശിക്ഷണത്തിൽ അഞ്ചുമാസത്തെ പരിശീലനത്തോടെയാണ് തണ്ടേക്കാട്ടെ ടീമുകൾ തട്ടിൽ കയറിയത്. മുഹമ്മദ് ആദം, അമ്മാർ ബിൻ യാസിർ, മുഹമ്മദ് അഷറഫ്, ഫാരിസ് അബൂബക്കർ, അലി അക്ബർ, ഫയാസ് മുഹമ്മദ്, മുഹമ്മദ് ജർഫാദ്, മുഹമ്മദ് സമീൽ, മുഹമ്മദ് ഹാഷിർ, അൽഅമീൻ, മുഹമ്മദ് റിഹാൻ, മുഹമ്മദ് സിയാൻ എന്നിവരാണ് ഇവരുടെ ഹൈസ്‌കൂൾ ടീമിൽ ചാഞ്ഞും ചരിഞ്ഞും അകംപുറം മാറിയും ചടുല ചലനങ്ങളുമായി കളം നിറഞ്ഞത്.

ഹയർ സെക്കൻഡറി വിഭാഗത്തിൽ മാർ അത്തനേഷ്യസിന് വിജയം സമ്മാനിച്ചതാകട്ടെ അഹമ്മദ്, മുസമ്മിൽ, പോൾവിൻ, റയാൻ, മുസ്തഫ,ഫൈസാൻ, ആരിഫ്, ബിലാൽ, അനീസ്, ഷാൻ, റഹ്മാൻ, അസർ എന്നിവരും. കോയ ഗുരുക്കളുടെ നേതൃത്വത്തിൽ മുഹമ്മദ് റഹ്മാൻ, മുഹമ്മദ് ഫർഹാൻ എന്നിവരാണ് നാലുമാസം കൊണ്ട് ഇവരെ പരിശീലിപ്പിച്ചത്.