'ഗർഭഛിദ്രത്തിന് നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ചു, രക്തസ്രാവമുണ്ടായി" രാഹുലിനെതിരെ വധശ്രമത്തിനും കേസെടുക്കും
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള രേഖകളുമായി ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നു, വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച മൊഴിയെടുക്കൽ തുടരുകയാണ്. തിരുവനന്തപുരം റൂറൽ എസ്.പി കെ.എസ്. സുദർശനാണ് യുവതിയുടെ മൊഴിയെടുക്കുന്നത്.
രാഹുലിനെതിരെ ജാമ്യമില്ലാവകുപ്പുകൾ ചേർത്ത് ഉടൻ കേസെടുക്കാനാണ് നീക്കം. പിന്നാലെ അറസ്റ്റിനും സാദ്ധ്യതയുണ്ട്. അതേസമയം മുൻകൂർജാമ്യത്തിനായി കൊച്ചിയിലെ അഭിഭാഷകരുമായി രാഹുൽ ബന്ധപ്പെട്ടിട്ടുണ്ട്. നാളെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നറിയുന്നു. പരാതിക്ക് പിന്നാലെ ഫോൺ ഓഫ് ചെയ്ത രാഹുലിനെ കണ്ടെത്താനായിട്ടില്ല. പാലക്കാട്ടെ എം.എൽ.എ ഓഫീസ് പൂട്ടിയിട്ട നിലയിലാണ്.
ലൈംഗികപീഡനത്തിന് പുറമെ, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, വധഭീഷണി മുഴക്കി എന്നിങ്ങനെ ആരോപണങ്ങളാണ് പരാതിയിലുള്ളത്. തെളിവായി വാട്സ്ആപ്പ് ചാറ്റുകൾ, ശബ്ദസന്ദേശങ്ങൾ, ചിത്രങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവയും കൈമാറി. നിന്നെ തീർക്കാൻ അധികം സമയം വേണ്ടെന്ന തരത്തിലെ പരാമർശങ്ങൾ ശബ്ദസന്ദേശത്തിലുള്ളതിനാൽ വധശ്രമത്തിനും കേസെടുക്കും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈ.എസ്.പി സി.ബിനുകുമാറിനാണ് അന്വേഷണച്ചുമതല.
അതേസമയം പരാതിക്കാരിയുടേതെന്ന രീതിയിൽ പുതിയ ഒരു ശബ്ദരേഖയും വ്യാഴാഴ്ച പ്രചരിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് മരുന്ന് നൽകിയെന്നും ഇതേത്തുടർന്ന് മൂന്നുദിവസം രക്തസ്രാവമുണ്ടായെന്നും ശബ്ദരേഖയിൽ പറയുന്നു. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിലമ്പൂരിലെത്തിയപ്പോൾ വീഡിയോകാൾ വഴി വിളിച്ചാണ് രാഹുൽ നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ചത്. രക്തസ്രാവമുണ്ടായി അവശനിലയിലായതോടെ വൈദ്യസഹായം തേടിയെന്നും ശബ്ദരേഖയിലുണ്ട, എന്നാൽ ശബ്ദരേഖയുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.