ജ​യ്‌​സ​മ്മ​യ്ക്കും​ ​മ​ക​ൾ​ക്കുമായി വീടൊരുക്കി എം.എ.യൂ​സ​ഫ​ലി​

Friday 28 November 2025 12:58 AM IST

അന്ധയായ വീട്ടമ്മയ്ക്കും മകൾക്കും പുതിയ വീട്

തൃശൂർ: കാഴ്ചപരിമിതി നേരിടുന്ന തൃശൂരിലെ വീട്ടമ്മയ്ക്കും മകൾക്കും നൽകിയ വാക്ക് പാലിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. 25 ലക്ഷം രൂപ ചെലവിൽ ജയ്‌സമ്മയ്ക്കായി യൂസഫലി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ഇന്ന് കൈമാറും. തൃശൂർ വരടിയം അമ്പേക്കർ സ്വദേശിനിയായ ജെയ്‌സമ്മ മാത്യുവിനും എട്ടാം ക്ലാസുകാരി മകൾക്കുമാണ് വീടൊരുങ്ങിയത്. ജയ്‌സമ്മയും മകളും ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. ഇവരുടെ ജീവിത ദുരിതത്തിന്റെ വാർത്ത ലുലു ഗ്രൂപ്പ് ചെയർമാന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുടുംബത്തിന് സഹായം ലഭ്യമാക്കിയത്. ജയ്‌സമ്മയുടെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലത്താണ് അടച്ചുറപ്പുള്ള വീട് പണിയുന്നത്. കഴിഞ്ഞ ജൂണിൽ വീടിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങി. 900 സ്‌ക്വയർ ഫീറ്റിൽ രണ്ട് കിടപ്പുമുറികളും ഡൈനിംഗ് ഹാളും കിച്ചനും വർക്ക് ഏരിയയും ലിവിംഗ് റൂം അടങ്ങുന്ന വീടാണ് നിർമ്മിച്ചത്. വീട്ടിലേക്കുള്ള ഗൃഹോപകരണങ്ങളും ഫർണീച്ചറും യൂസഫലി സമ്മാനിച്ചു.

അന്ധയായ ജയ്‌സമ്മയുടെ ദുരിതജീവിതത്തിന്റെ വാർത്ത ലണ്ടൻ സന്ദർശനത്തിനിടെ ശ്രദ്ധയിൽപ്പെട്ടയുടൻ ജയ്‌സമ്മയ്ക്ക് വീട് നിർമ്മിച്ചു നൽകാൻ എം.എ യൂസഫലി നിർദേശം നൽകി. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന താത്കാലിക ജോലിയും ജയ്‌സമ്മ ചെയ്യുന്നുണ്ട്.