റെക്കാഡ് കീഴടക്കി ഓഹരി സൂചികകൾ
വിപണിയിൽ നിക്ഷേപകരുടെ ആവേശമേറുന്നു
കൊച്ചി: പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഓഹരി സൂചികകൾ റെക്കാഡ് ഉയരത്തിലെത്തി. എന്നാൽ വ്യാപാരാന്ത്യത്തിൽ നേട്ടം നിലനിറുത്താനായില്ല. അമേരിക്കയിലും ഇന്ത്യയിലും അടുത്ത മാസം പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിക്ക് ആവേശം പകർന്നത്. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 446 പോയിന്റ് നേട്ടത്തോടെ 86,000 കടന്ന് റെക്കാഡിട്ടതിനു ശേഷം താഴേക്ക് നീങ്ങി. ദേശീയ സൂചികയായ നിഫ്‌റ്റി 105 പോയിന്റ് കുതിച്ച് 26,310ൽ എത്തി. കഴിഞ്ഞ വർഷം സെപ്തംബർ 27ന് രേഖപ്പെടുത്തിയ റെക്കാഡുകളാണ് സെൻസെക്സും നിഫ്‌റ്റിയും മറികടന്നത്. എന്നാൽ വ്യാപാരാന്ത്യത്തിൽ സെൻസെക്‌സ് 111 പോയിന്റ് നേട്ടവുമായി 85,720.38ൽ അവസാനിച്ചു. നിഫ്‌റ്റി പത്ത് പോയിന്റ് ഉയർന്ന് 26,215.55ൽ എത്തി. ധനകാര്യ, ഐ.ടി, മീഡിയ കമ്പനികൾ മുന്നേറ്റത്തിന് നേതൃത്വം നൽകി. പൊതുമേഖല ബാങ്കുകൾ, മെറ്റൽ, റിയൽറ്റി, കൺസ്യൂമർ മേഖലകളിലെ ഓഹരികൾ ഇന്നലെ വിൽപ്പന സമ്മർദ്ദം നേരിട്ടു.
ആഗോള മേഖലയിലെ അനുകൂല ചലനങ്ങളും ക്രൂഡോയിൽ വിലയിലുണ്ടായ കുറവും വിപണിക്ക് കരുത്ത് പകർന്നു.
അനുകൂല ഘടകങ്ങൾ
1. ജൂലായ്-ആഗസ്‌റ്റ് കാലയളവിലെ ജി.ഡി.പി വളർച്ച ഏഴ് ശതമാനം കടക്കുമെന്ന പ്രതീക്ഷ
2. റിസർവ് ബാങ്കും അമേരിക്കയിലെ ഫെഡറൽ റിസർവും പലിശ കുറയ്ക്കാൻ ഒരുങ്ങുന്നു
3. ജി.എസ്.ടി ഇളവും ഗ്രാമീണ ഉപഭോഗ ഉണർവും കമ്പനികളുടെ വിറ്റുവരവ് വർദ്ധിപ്പിക്കുന്നു
4. രാജ്യാന്തര ക്രൂഡോയിൽ വില 60 ഡോളറിലും താഴ്ന്നതോടെ കോർപ്പറേറ്റ് ലാഭം കൂടുന്നു
ജി.ഡി.പി വളർച്ച ഇന്നറിയാം നടപ്പു സാമ്പത്തിക വർഷം രണ്ടാം ത്രൈമാസക്കാലയളവിലെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ചാ കണക്കുകൾ ഇന്ന് കേന്ദ്ര സർക്കാർ പുറത്തുവിടും. ചരക്ക് സേവന നികുതിയിലെ ഇളവുകളും ഗ്രാമീണ മേഖലയിലെ ഉപഭോഗ ഉണർവും രാജ്യത്തെ സാമ്പത്തിക രംഗത്ത് മികച്ച വളർച്ച സാദ്ധ്യമാക്കുമെന്നാണ് വിലയിരുത്തുന്നത്.
നിക്ഷേപകർക്ക് കരുതൽ വേണം വിപണിയിൽ നേരിട്ട് വ്യാപാരം നടത്തുന്ന ചെറുകിട നിക്ഷേപകർ കരുതലോടെ നീങ്ങണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വിദേശ നിക്ഷേപകരുടെ പിന്തുണയിലാണ് ഓഹരികൾ നിലവിൽ മുന്നേറുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് തീരുമാനം വൈകിച്ചാൽ ഓഹരി വിപണി കനത്ത തിരിച്ചടി നേരിട്ടേക്കും. ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷനുകളിൽ നിന്ന് ചെറുകിട നിക്ഷേപകർ ഒഴിഞ്ഞു നിൽക്കുന്നതാണ് അഭികാമ്യം.