വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന്റെ അനുമതിക്ക് ഇടപെടണം: മുഖ്യമന്ത്രി 

Friday 28 November 2025 12:00 AM IST
a

തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തണമെന്ന് പാർലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായുള്ള എം.പിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. വന്യജീവി സംരക്ഷണ നിയമം സൃഷ്ടിക്കുന്ന തടസങ്ങൾ ലഘൂകരിക്കാനുള്ള നിയമഭേദഗതി ബിൽ നിയമസഭ പാസാക്കിയിട്ടുണ്ട്. രാഷ്ട്രപതിയുടെ അനുമതി വേണം. അതിനായി എത്രയും വേഗം ഇടപെടണം.

വന്യജീവി ആക്രമണങ്ങൾ നേരിട്ടവർക്കുള്ള നഷ്ടപരിഹാരത്തിന്റെ കേന്ദ്രവിഹിതം കിട്ടണം.

പ്രധാനമന്ത്രി ആവാസ് യോജനയുടെ കേന്ദ്രവിഹിതം ഉയർത്തണം. അത്തരം വീടുകൾക്ക് മുന്നിൽ പി.എം.എ.വൈ ലോഗോ വയ്ക്കണമെന്ന നിബന്ധന ഒഴിവാക്കാനും സമ്മർദ്ദം ചെലുത്തണം.

മേപ്പാടി ചൂരൽമല ദുരന്തബാധിത മേഖലയുടെ പുനർനിർമ്മാണത്തിന് അർഹമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ശക്തമായ ഇടപെടൽ ആവശ്യമുണ്ട്.

ജി.എസ്.ടി നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി നികുതി വരുമാനത്തിൽ ഉണ്ടായ കുറവിന് കേന്ദ്രം നഷ്ടപരിഹാരം നൽകണം.

മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ

*കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി ഗ്ലോബൽ സിറ്റി, കൊച്ചി (നോഡ് 2) പദ്ധതിക്ക് കേന്ദ്രാനുമതി നൽകണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കണം.

*ടൈഡ് ഓവർ വിഹിതത്തിൽ കൂടുതൽ ഭക്ഷ്യധാന്യങ്ങൾ അനുവദിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ഇടപെടണം.

* മത്സ്യബന്ധനത്തിന് സബ്സിഡി നിരക്കിൽ ആവശ്യമായ അളവിൽ മണ്ണെണ്ണ ലഭ്യമാക്കാൻ സമ്മർദ്ദം ചെലുത്തണം.

* എയിംസ് അനുവദിക്കുന്നതിനുള്ള നടപടികൾ.

*വിദേശ വിമാനങ്ങൾക്ക് കണ്ണൂരിൽ നിന്ന് സർവീസ് നടത്താനുള്ള പോയിന്റ് ഒഫ് കോൾ ലഭ്യമാക്കൽ.

*തിരുവനന്തപുരം -മംഗലാപുരം സെക്ഷനിൽ മൂന്നും നാലും റെയിൽവേ ലൈനുകൾക്കുള്ള സർവേ വേഗത്തിലാക്കൽ.

*അട്ടപ്പാടി ജലസേചന പദ്ധതിയുടെ അംഗീകാരം.

* മടങ്ങിവന്ന പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി 1,000 കോടി

ഓൺലൈൻ യോഗത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. തിരഞ്ഞെടുപ്പ് തിരക്കിലായതിനാൽ പല എം.പിമാർക്കും പങ്കെടുക്കാനായില്ല.