മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി, രാഹുൽ പെട്ടു; ഫോൺ ഓഫാക്കി മുങ്ങി, മുൻകൂർ ജാമ്യത്തിന് ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ യുവതി ഡിജിറ്റൽ തെളിവുമായെത്തി മുഖ്യമന്ത്രിക്ക് ലൈംഗികപീഡന പരാതി നൽകിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ കുരുങ്ങി. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കടേശിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി പരാതി കൈമാറി. പിന്നാലെ തിരുവനന്തപുരം റൂറൽ എസ്.പി കെ.എസ്.സുദർശൻ യുവതിയുടെ മൊഴിയെടുത്തു.
രാഹുലിനെതിരെ ജാമ്യമില്ലാവകുപ്പുകൾ ചേർത്ത് ഉടൻ കേസെടുക്കും. പിന്നാലെ അറസ്റ്റിനും സാദ്ധ്യത. മുൻകൂർജാമ്യത്തിന് രാഹുൽ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. പരാതിക്ക് പിന്നാലെ ഫോൺ ഓഫ് ചെയ്ത രാഹുലിനെ കണ്ടെത്താനായിട്ടില്ല. പാലക്കാട്ടെ എം.എൽ.എ ഓഫീസ് പൂട്ടിയിട്ട നിലയിലാണ്.
പാർട്ടി സസ്പെൻഡ് ചെയ്തെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിനായി രാഹുൽ സജീവമായിരുന്നു. ഇന്നലെ പാലക്കാട്ടെ കണ്ണാടിയിൽ വീടുകയറി പ്രചാരണം നടത്തുന്നതിനിടെയാണ് യുവതി പരാതിപ്പെട്ടതറിയുന്നതും തുടർന്ന് മുങ്ങുന്നതും. രാഹുലുമായി ബന്ധമില്ലെന്ന് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഗോദയിൽ യു.ഡി.എഫിന് നന്നായി പ്രതിരോധിക്കേണ്ടി വരും.
ലൈംഗികപീഡനത്തിന് പുറമെ, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, വധഭീഷണി മുഴക്കി എന്നിങ്ങനെ ആരോപണങ്ങളാണ് പരാതിയിലുള്ളത്. തെളിവായി വാട്സ്ആപ്പ് ചാറ്റുകൾ, ശബ്ദസന്ദേശങ്ങൾ, ചിത്രങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവയും കൈമാറി. നിന്നെ തീർക്കാൻ അധികം സമയം വേണ്ടെന്ന തരത്തിലെ പരാമർശങ്ങൾ ശബ്ദസന്ദേശത്തിലുള്ളതിനാൽ വധശ്രമത്തിനും കേസെടുക്കും.
ഇന്നലെ വൈകിട്ട് നാലേകാലോടെയാണ് യുവതി ഒരു വനിതയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. വിശദമായി കാര്യങ്ങൾ പറഞ്ഞു. പരാതി എഴുതിതയ്യാറാക്കിയിരുന്നു. 4.50ന് മടങ്ങി. പിന്നാലെ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ മുഖ്യമന്ത്രി ഫോണിൽവിളിച്ചെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. ക്രൈംബ്രാഞ്ച് മേധാവി വൈകിട്ട് അഞ്ചരയോടെയെത്തി പരാതി കൈപ്പറ്റി.
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് യോഗംചേർന്നതിന് പിന്നാലെ അതിവേഗത്തിൽ മൊഴിയെടുപ്പ് തുടങ്ങി. എഫ്.ഐ.ആർ രജിസ്റ്റർചെയ്ത ശേഷം കോടതിയിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ക്ലിഫ്ഹൗസിലെത്തി പരാതിനൽകാൻ യുവതിശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലെത്താൻ നിർദ്ദേശിക്കുകയായിരുന്നു.
രാഹുലിനെതിരെ നേരത്തേ പരാതിയോ മൊഴിയോ നൽകാൻ യുവതി തയ്യാറായിരുന്നില്ല. നിയമനടപടിക്ക് താത്പര്യവും കാട്ടിയിരുന്നില്ല. ഗർഭച്ഛിദ്രം നടത്തിയ ബംഗളൂരുവിലെ സ്വകാര്യാശുപത്രിയിലടക്കം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. കേസിന്റെ തുടർനടപടികൾ വഴിമുട്ടി നിൽക്കുമ്പോഴാണ് ഇപ്പോഴത്തെ നീക്കം. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈ.എസ്.പി സി.ബിനുകുമാറിനാണ് അന്വേഷണച്ചുമതല. അന്വേഷണസംഘം വിപുലീകരിക്കാനിടയുണ്ട്.
ആദ്യകേസിൽ
മൊഴിയെടുത്തില്ല
സ്ത്രീകളെ സമൂഹമാദ്ധ്യമങ്ങളിലൂടെ ശല്യം ചെയ്തു, മാനസിക വേദനയ്ക്ക് ഇടയാക്കും വിധത്തിൽ പ്രവർത്തിച്ചു, ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന സന്ദേശങ്ങളയച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു ആഗസ്റ്റിലെ ആദ്യകേസ്. ഇരകളെ കണ്ടെത്തി മൊഴിയെടുക്കാനായില്ല. 3 വർഷം തടവും പിഴയും കിട്ടാവുന്ന ഭാരതീയ ന്യായസംഹിതയിലെ 78(2), 351, പൊലീസ് ആക്ടിലെ 120(ഒ) വകുപ്പുകളാണ് ചുമത്തിയത്. പരാതിക്കാരെല്ലാം മൂന്നാംകക്ഷികളായിരുന്നു.
ഒരു കുറ്റവും ചെയ്തിട്ടില്ല. ജനകീയ കോടതിയിൽ സത്യം ബോദ്ധ്യപ്പെടുത്തും
- രാഹുലിന്റെ
ഫേസ് ബുക്ക് പോസ്റ്റ്
പാർട്ടി രാഹുലിനൊപ്പമില്ല. നിയമം അതിന്റെ വഴിക്കു പോകട്ടെ
- സണ്ണി ജോസഫ്,
കെ.പി.സി.സി പ്രസിഡന്റ്