പി.എം.ഉഷയുടെ 100കോടി സഹായം:കരാറുകൾ ഉടൻ നൽകാൻ നിർദ്ദേശം

Friday 28 November 2025 12:02 AM IST

തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ പി.എം-ഉഷ പദ്ധതിയിൽ നിന്ന് അനുവദിച്ച 100കോടി രൂപ പാഴാകാതിരിക്കാൻ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉടൻ കരാർ നൽകാൻ നിർദ്ദേശിച്ച് കേരള സർവകലാശാല വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ.ഈ തുകയുപയോഗിച്ച് കാര്യവട്ടം ക്യാമ്പസ് പൂർണമായി റസിഡൻഷ്യൽ ക്യാമ്പസാക്കാനുള്ള പദ്ധതികളാണ് തയാറാക്കിയിട്ടുള്ളത്.ഇന്നലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും യോഗം വിളിച്ചാണ് വി.സി ഈ നിർദ്ദേശം നൽകിയത്.ആദ്യമായാണ് ഇത്ര വലിയ സഹായം കേരള സർവകലാശാലയ്ക്ക് കിട്ടുന്നത്.തുക രണ്ടു വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ പാഴാവും.

3000 കുട്ടികൾ പഠിക്കുന്ന കാര്യവട്ടത്ത് നിലവിൽ 500ൽ താഴെ പേർക്ക് മാത്രമാണ് താമസസൗകര്യമുള്ളത്.കേന്ദ്രഫണ്ടുപയോഗിച്ച് കൂടുതൽ ഹോസ്റ്റലുകൾ നിർമ്മിക്കും.75കോടിയോളം രൂപ ഇതിനായി ചെലവഴിക്കും.44 പഠനവകുപ്പുകളാണ് കാര്യവട്ടത്തുള്ളത്.ഇതിൽ ഇരുപതോളം വകുപ്പുകൾക്ക് നാലുവർഷ കോഴ്സിനായി ക്ലാസ് മുറികളും ലൈബ്രറി,ലാബ് സൗകര്യങ്ങളും നിർമ്മിക്കണം.കേന്ദ്രപണമുപയോഗിച്ച് എല്ലാ വകുപ്പുകളിലും ശിൽപ്പശാലകളും അന്താരാഷ്ട്ര സമ്മേളനങ്ങളും നടത്താനാവും.സയൻസ് വകുപ്പുകളിൽ കൂടുതൽ ഉപകരണങ്ങളും വാങ്ങാം.അദ്ധ്യാപകരുടെ പരിശീലനത്തിനും അദ്ധ്യാപന രീതികൾ ആധുനികവത്കരിക്കാനുമായി ഏഴരക്കോടി ഉപയോഗിക്കാം.