( തദ്ദേശോത്സവം ) കോന്നി ഗ്രാമപഞ്ചായത്ത് ,​ അങ്കം മുറുകും,​ മത്സരം തീപാറും

Friday 28 November 2025 2:06 AM IST

കോന്നി: ഭാവിയിൽ മുൻസിപ്പാലിറ്റി ആകാൻ സാദ്ധ്യതയുള്ള കോന്നി ഗ്രാമപഞ്ചായത്തിൽ ഈ തിരഞ്ഞെടുപ്പിൽ മത്സരം കടുക്കും. താലൂക്ക് ആസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് മുൻപ് സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് ആയിരുന്നു. എൽ.ഡി.എഫിന് വേരോട്ടമുള്ള പഞ്ചായത്ത് ആണെങ്കിലും കഴിഞ്ഞ മൂന്നുതവണയും യു.ഡി.എഫിനായിരുന്നു ഭരണം ലഭിച്ചത്. രണ്ട് തവണ എൻ.ഡി.എ അംഗങ്ങളുടെ സാന്നിദ്ധ്യം പഞ്ചായത്തിൽ ഉണ്ടായി. ഇത്തവണ 18-ാം വാർഡിൽ കോൺഗ്രസ് അംഗം മരിച്ചതിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ മരിച്ച അംഗത്തിന്റെ മകളായ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇത്തവണ ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ സ്ഥാനാർത്ഥിനിർണയത്തെ ചൊല്ലി സി.പി.എം സി.പി.ഐ തർക്കം ഉണ്ടായി. എൽ.ഡി.എഫ് യോഗത്തിൽ സീറ്റ് സി.പി.ഐക്ക് നൽകാൻ നേരത്തെ ധാരണ ഉണ്ടായിരുന്നതായി സി.പി.ഐ നേതാക്കൾ പറയുന്നു. എന്നാൽ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവായ കെ.ജി ഉദയകുമാർ ഈ സീറ്റിനുവേണ്ടി അവകാശവാദം ഉന്നയിച്ചു. ഇത് സി.പി.എം നേതൃത്വത്തിന് തലവേദനയായി മാറി. സി.പി.എമ്മിലെ കെജി ഉദയകുമാർ സ്വതന്ത്ര സ്ഥാനാർത്ഥിയായും , സി.പി.ഐയിലെ കെ.ജി ശിവകുമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായും മത്സര രംഗത്ത് ഉണ്ട് . പഞ്ചായത്തിലെ 20 വാർഡുകളിൽ നാലു വാർഡുകളിലാണ് സി.പി.ഐ മത്സരിക്കുക. ബാക്കി 16 വാർഡുകളിലും സി.പി.എം സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. യു.ഡി.എഫിൽ 20 വാർഡുകളിൽ 17 വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. രണ്ടു വാർഡുകൾ കേരള കോൺഗ്രസിനും, ഒരു വാർഡ് മുസ്ലിം ലീഗിനും നൽകിയിട്ടുണ്ട്. കോന്നിയുടെ വികസനത്തിന് വഴി തുറക്കുന്ന കെ.എസ്ആർ.ടി.സി ഡിപ്പോയ്ക്ക് സ്ഥലം വിട്ടു നൽകാൻ ഇപ്പോഴത്തെ ഭരണസമിതിക്ക് കഴിഞ്ഞു. നാരായണപുരം ചന്തയിൽ കോടികൾ മുടക്കി നിർമ്മിച്ച ആധുനിക മത്സ്യ മാർക്കറ്റ് ഇനിയും തുറന്ന് പ്രവർത്തിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിൽ പൊതു ശ്മശാനം സ്ഥാപിക്കാൻ ആയിട്ടില്ല. ഇപ്പോഴത്തെ ഭരണസമിതിയുടെ ആദ്യഘട്ടത്തിൽ സ്മശാനത്തിനു വേണ്ടി പയ്യനാമൺ അടുകാട്ട് സ്ഥലം വാങ്ങുന്നതിനു വേണ്ടി നടന്ന നടപടിക്രമങ്ങളുടെ ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് പരാമർശം ഉണ്ടായതോടെ വിജിലൻസ് അന്വേഷണം നടക്കുകയാണ്. നാരായണപുരം ചന്തയ്ക്ക് സമീപം സബ് ട്രഷറി പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയെങ്കിലും അവിടെ ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല.