ഉത്തരവിറക്കി സർക്കാർ ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യേണ്ടത് അദ്ധ്യാപകർ
തിരുവനന്തപുരം:കോളേജുകളിൽ വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്കിലെ തിരിമറികൾ തടയാൻ നടപടികളുമായി സർക്കാർ. എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് വകുപ്പ് മേധാവിയുടെ മേൽനോട്ടത്തിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ തന്നെ സർവകലാശാലാ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.കോളേജ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശുപാർശ അംഗീകരിച്ചാണ് സർക്കാർ ഉത്തരവ്.മിക്ക കോളേജുകളിലും മാർക്ക് അപ്‌ലോഡ് ചെയ്തിരുന്നത് അനദ്ധ്യാപകരായിരുന്നു.ഇതിനെതിരേ പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ സർക്കാരിന് പരാതി നൽകിയിരുന്നു.കാലിക്കറ്റ് സർവകലാശാലയിൽ ഫലപ്രഖ്യാപനത്തിനു ശേഷവും നിയമവിരുദ്ധമായി 43പേരുടെ ഇന്റേണൽ മാർക്ക് തിരുത്തിയതായി കണ്ടെത്തിയിരുന്നു.ഇന്റേണൽ മാർക്കുകൾ കോളേജുകളുടെ നോട്ടീസ് ബോർഡിലും കോളേജ് വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നുണ്ട്.അതിനു ശേഷമാണ് യൂണിവേഴ്സിറ്റി പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നത്.ഇതിലും വ്യാപകമായി ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണിത്.