സീബ്രാലൈനിൽ കാൽനടക്കാരെ വാഹനമിടിച്ചാൽ ലൈസൻസ് കട്ട്

Friday 28 November 2025 12:08 AM IST

തിരുവനന്തപുരം: വഴിയാത്രക്കാരെ സീബ്രാലൈനിൽ വച്ച് വാഹനമിടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. 2000 രൂപ പിഴയും ഈടാക്കും.

വാഹനം സീബ്രാലൈനിൽ നിറുത്തിയാലും 2000 രൂപ പിഴ ചുമത്തും. സീബ്രാലൈൻ ഉള്ളിടത്ത് വാഹനം പാർക്ക് ചെയ്താലും പിഴ ചുമത്തും. സീബ്ര ക്രോസിംഗുകളിൽ പല ഡ്രൈവർമാരും വേഗത കുറയ്ക്കാത്തതിനാലാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്.

സീബ്ര ക്രോസിംഗിൽ കാൽനടയാത്രക്കാരൻ കാത്തുനിൽക്കുന്നത് കണ്ടാൽ കുറഞ്ഞത് 3 മീറ്റർ അകലെ വാഹനം നിറുത്തണം. ഡ്രൈവിംഗ് ലൈസൻസ് നിലനിറുത്തുന്നതിന് ആവശ്യമായ പ്രധാന കാര്യങ്ങളിൽ ഒന്നാണ് കാൽനടയാത്രക്കാരോട് മാന്യത കാണിക്കുക എന്നത്. ഇക്കാര്യം ഹൈക്കോടതി ഓർമ്മപ്പെടുത്തിയിട്ടുണ്ടെന്നും എം.വി.ഡി അറിയിച്ചു.