നാരായണഗുരുകുലത്തിൽ ഖുർആൻ അകംപൊരുൾ പ്രകാശനം

Friday 28 November 2025 12:15 AM IST

വർക്കല: ഭാരതീയ ജ്ഞാനപാരമ്പര്യവുമായി ചേർത്ത് ഖുർആനെ വ്യാഖ്യാനിക്കുന്ന ഖുർആൻ അകംപൊരുൾ എന്ന ഗ്രന്ഥത്തിന്റെ അഞ്ചാം പതിപ്പിന്റെ പ്രകാശനം നാളെ വൈകിട്ട് 3ന് വർക്കല ഗുരുനാരായണഗിരിയിൽ (നടരാജഗുരു സമാധിമന്ദിരം) നടക്കും. സാംസ്കാരികവകുപ്പ് ‌ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. നാരായണഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തും. ആകാശവാണി മുൻ ഡയറക്ടർ എസ്. രാധാകൃഷ്ണൻ പുസ്തകപരിചയവും സുനിൽ പി. ഇളയിടം പുസ്തകപ്രകാശനവും നിർവഹിക്കും. ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യൻകൂടിയായ ഷൗക്കത്ത് പുസ്തകം ഏറ്റുവാങ്ങും. ഗ്രന്ഥകർത്താവ് സി.എച്ച്.മുസ്തഫമൗലവി മറുപടിപ്രസംഗം നടത്തും. നാരായണഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ, സ്റ്റഡിസർക്കിൾ സംസ്ഥാന കോ- ഓർഡിനേറ്റർ എം.എസ്. സുരേഷ്, അകംപൊരുൾ ട്രസ്റ്റ് സെക്രട്ടറി പി.എച്ച്.ഷാജഹാൻ, ജയരാജൻ പെരുമ്പാവൂർ, ഷിജു.പി.കെ തുടങ്ങിയവർ പങ്കെടുക്കും.

ചരിത്രത്തിൽ ആദ്യമായാണ് വിശുദ്ധഖുർആനിന്റെ വ്യാഖ്യാനഗ്രന്ഥം ഒരു ആശ്രമത്തിൽ പ്രകാശനം ചെയ്യുന്നത്. പലമതസാരവുമേകം എന്ന ഗുരുദർശനം ഉൾകൊണ്ട് നാരായണഗുരുകുലം പുലർത്തിപോരുന്ന മതാതീത ആത്മീയതയുടെ ഉദാഹരണമാണ് ഗുരുകുലത്തിൽ വച്ച് നടക്കുന്ന ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങെന്ന് സി.എച്ച്.മുസ്തഫ മൗലവി വാർത്താസമ്മേളനത്തിൽ പറഞ്ഞു. റഫീഖ് ആനക്കാംപൊയിൽ, സി.എം.എ.റഷീദ് തുടങ്ങിയവർ പങ്കെടുത്തു.