സ്പെഷ്യൽ സ്കൂൾ കലോത്സവം: ആദ്യദിനം എറണാകുളം മുന്നിൽ

Friday 28 November 2025 12:16 AM IST

തിരൂർ: തിരൂരിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനം 70 പോയിന്റുമായി എറണാകുളം ജില്ല മുന്നിൽ. 55 പോയിന്റുമായി വയനാട് രണ്ടാംസ്ഥാനത്തും 48 പോയിന്റുമായി തിരുവനന്തപുരം മൂന്നാംസ്ഥാനത്തുമുണ്ട്. 43 പോയിന്റുമായി തൃശൂർ നാലും 38 പോയിന്റുമായി ഇടുക്കി അഞ്ചും സ്ഥാനത്തുണ്ട്.

പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തിയതോടെയാണ് കലോത്സവത്തിന് തുടക്കമായത്. കലാമേളയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടറും ജനറൽ കൺവീനറുമായ സി.എ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് മുഖ്യാതിഥിയായി. തിരൂർ ബി.എച്ച്.എസ്.എസിലെ നാലു വേദികളിലായാണ് കലോത്സവം. 29ന് സമാപിക്കും.