ഓട്ടോ മറിഞ്ഞ് മരിച്ച കുട്ടികൾക്ക് കണ്ണീരോടെ നാടിന്റെ വിട
കോന്നി: തണ്ണിത്തോട് തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച ആദിലക്ഷ്മിക്കും (8), യദുകൃഷ്ണനും (4) നാട് കണ്ണീരോടെ വിടനൽകി. ബുധനാഴ്ച വൈകിട്ട് കരുമാൻതോട് എസ്. എൻ പബ്ലിക് സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുമായി മടങ്ങിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്നലെ രാവിലെ സ്കൂളിൽ പൊതുദർശനത്തിന് വച്ചു. കുരുന്നുകൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻജനാവലിയെത്തി. സഹപാഠികളും അദ്ധ്യാപകരും വിങ്ങിപ്പൊട്ടി. തുടർന്ന് മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു. വിദേശത്തുനിന്നെത്തിയ ആദിലക്ഷ്മിയുടെ അച്ഛൻ സിജിനും അമ്മ ബിജി പണിക്കരും സഹോദരൻ അദ്വൈതും സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. യദുകൃഷ്ണന്റെ വീട്ടിൽ അച്ഛൻ മന്മഥനും അമ്മ രാജിയും സഹോദരൻ അതുലും വാവിട്ട് നിലവിളിച്ചു. വൻജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്കാരം. അപകടത്തിൽ പരിക്കേറ്റ മൂന്നു വിദ്യാർത്ഥികൾ ആശുപത്രികളിൽ ചികിത്സയിലാണ്.