ശബരിമല വെർച്വൽക്യൂ കർശനമായി പാലിക്കണം

Friday 28 November 2025 12:32 AM IST

കൊച്ചി: ശബരിമല വെർച്വൽക്യൂ ബുക്കിംഗ് പാസോ സ്പോട്ട് ബുക്കിംഗ് പാസോ ഉള്ളവരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. പാസിലെ സമയക്രമം കൃത്യമായി പാലിക്കണം. വ്യാജ പാസുമായി എത്തുന്നവരെ കടത്തിവിടരുത്. തീയതി പാലിക്കാതെ എത്തുന്നവരെയും സന്നിധാനത്തേക്ക് വിടരുത്. ബുക്കിംഗ് തീയതി കർശനമായി പാലിക്കണമെന്നും ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.

വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് അടക്കം നിയന്ത്രിച്ചിട്ടും ഒരു ലക്ഷത്തിലധികം തീർത്ഥാടകർ ഇപ്പോൾ സന്നിധാനത്തേക്ക് എത്തുന്നുവെന്ന ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. നിലവിൽ വെർച്വൽക്യൂവഴി 70,000 പേർക്കാണ് ഒരുദിവസം ശബരിമലയിലെത്താനാകുന്നത്. സ്പോട്ട് ബുക്കിംഗ് അനുവദിച്ചിട്ടുള്ളത് 5000 പേർക്കാണ്. ഏഴായിരത്തോളം വെർച്വൽക്യൂ പാസുകൾ പരിശോധിച്ചിരുന്നു. എന്നാൽ,​ വ്യക്തമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യവും ഉണ്ടായെന്ന് റിപ്പോർട്ടിലുണ്ട്. ഇതാണ് വ്യാജപാസും ഉപയോഗിക്കുന്നുണ്ടോ എന്ന സംശയത്തിന് ഇടയാക്കിയത്. സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ സ്വമേധയായാണ് കോടതി വിഷയം പരിഗണിച്ചത്.