കോർപ്പറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളെ ഒറ്റ യൂണിറ്റായി പരിഗണിക്കണം: വെള്ളാപ്പള്ളി
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ് എന്നീ കോർപ്പറേറ്റ് മാനേജ്‌മെന്റുകളുടെ കീഴിലുള്ള സ്‌കൂളുകളെ അതതിന്റെ കീഴിലുള്ള ഒറ്റ യൂണിറ്റായി പരിഗണിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സ്‌കൂളുകളുടെയും എസ്.എൻ.ഡി.പി യോഗം സ്‌കൂളുകളുടെയും മാനേജരുമായ വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കും സമർപ്പിച്ച നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
എസ്. എൻ ട്രസ്റ്റിന് 12 ഹൈസ്‌കൂളുകളും എസ്.എൻ.ഡി.പി യോഗത്തിന് എച്ച്.എസ്, എൽ.പി അടക്കം 24 സ്‌കൂളുകളുമാണ് വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ എണ്ണം കണക്കിലെടുത്ത് പുതിയ ഡിവിഷനുകൾ അനുവദിക്കുമ്പോൾ 1:1 അനുപാതം പരിഗണിക്കുന്ന വേളയിൽ 2010 ജനുവരി 12 ന് ഇറങ്ങിയ ഉത്തരവ് പ്രകാരം ഒരു കോർപ്പറേറ്റ് മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളെ ഒറ്റ യൂണിറ്റായി കണക്കാക്കി 1:1 അനുപാതം പാലിച്ച് നിയമനം നടത്താൻ അനുവദിക്കാവുന്നതാണ്.
എന്നാൽ, സംരക്ഷിത അദ്ധ്യാപക നിയമനത്തിനായി 1:1 അനുപാതത്തിൽ അധിക തസ്തിക കണക്കാക്കുമ്പോൾ ഒന്നിലധികം സ്‌കൂളുകളുള്ള മാനേജ്‌മെന്റുകളിലെ ഓരോ സ്‌കൂളിനെയും ഓരോ യൂണിറ്റായി കണക്കാക്കുന്ന രീതി തുടരാൻ 2024 സെപ്റ്റംബർ 5 ന് ഇറങ്ങിയ ഉത്തരവിൽ നിഷ്‌കർഷിച്ചിരിക്കുന്നു. അതിനാൽ വിവിധ സ്‌കൂളുകളിലുണ്ടാകുന്ന അധിക തസ്തികകളിൽ ഇപ്പോൾ പുതിയ നിയമനം നടത്താൻ സാധിക്കാത്ത സാഹചര്യമാണ്. ഇത് പാഠ്യപ്രവർത്തനങ്ങളെയും വിദ്യാർത്ഥികളുടെ ഭാവിയെയും പ്രതികൂലമായി ബാധിക്കും.
ഈ സാഹചര്യത്തിൽ 2024 സെപ്തംബർ 5 ലെ ഉത്തരവ് ഭേദഗതി ചെയ്ത് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ എല്ലാ സ്‌കൂളുകളെയും ഒറ്റ യൂണിറ്റായി പരിഗണിച്ച് 1:1 ആനുപാത പ്രകാരം സംരക്ഷിത അദ്ധ്യാപക നിയമനമടക്കമുള്ള പുതിയ നിയമനങ്ങൾ നടത്താൻ മാനേജ്‌മെന്റിന് അനുമതി നൽകാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്നും വെള്ളാപ്പള്ളി നിവേദനത്തിൽ ആവശ്യപ്പെട്ടു.